Latest NewsNewsInternational

ലോകത്തിലെ ഏറ്റവും പ്രബലമായിരുന്ന രാഷ്ട്രീയ സാമ്രാജ്യത്തിന്റെ ഐക്കണ്‍ ആയിരുന്ന ഹാഗിയ സോഫിയ ഈ കോവിഡ് കാലത്ത് തന്നെ മോസ്ക് ആക്കി മാറ്റിയതിലൂടെ എര്‍ദോഗന്‍ ലക്ഷ്യമിടുന്നത്

അഞ്ജു പാര്‍വതി പ്രഭീഷ്

ഹാഗിയ സോഫിയ മ്യൂസിയം എന്ന പുരാതന ക്രൈസ്തവ ദേവാലയത്തെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, അതും ഈ മഹാമാരിക്കാലത്ത് മോസ്‌ക്കാക്കി മാറ്റുന്നതിലൂടെ തെളിയുന്ന ഒരേ ഒരു വസ്തുതയെന്തെന്നാൽ കഴിഞ്ഞ എത്രയോ നൂറ്റാണ്ടുകളായി ലോകം സാക്ഷ്യം വഹിക്കുന്ന മതഅധിനിവേശത്തിൽ ൽ നിന്നും അണുവിട പോലും പിന്നോട്ട് മാറാൻ തങ്ങൾക്കാവില്ലായെന്ന മതതീവ്രവാദികളുടെ മനോഭാവം മാത്രമാണ്. കൊവിഡ് -19 മഹാമാരി ലോകമെമ്പാടും മരണം വിതയ്ക്കുന്ന ഈ നേരത്ത് , ആരാധനലയങ്ങളും ആരാധനാക്രമങ്ങളുമെല്ലാം ഒരു വൈറസിനു മുന്നിൽ പകച്ചുനില്ക്കുന്ന നേരത്ത് ലോകപൈതൃകപട്ടികയിലെ ഒരു പ്രാചീനമഹാദ്ഭുതത്തെ മസ്ജിദ് ആക്കുന്നത് ഏത് ദൈവത്തിന്റെ ഹിതമനുസരിച്ചാണ്? തീവ്രവാദത്തിനും തീവ്രവാദാശയങ്ങൾക്കും മതമില്ലെങ്കിൽ കൂടി ഇത്തരം നടപടികളിലൂടെ ലോകത്തിന്റെ മുന്നിൽ കുറ്റക്കാരായി നില്ക്കേണ്ടി വരുന്നത് യഥാർത്ഥ ഇസ്ലാമുകളാണ്. ഇസ്ലാമിസ്റ്റുകളിൽ നിന്നും കാതങ്ങൾ ദൂരത്തിലാണ് ഇസ്ലാമുകൾ.

ഹാഗിയ സോഫിയ എന്ന ക്രൈസ്തവ ദേവാലയം വെറുമൊരു ക്രിസ്ത്യൻ പള്ളിയായിരുന്നില്ല. ലോകത്തിലെ ഏറ്റവും പ്രബലരായിരുന്ന രാഷ്ട്രീയ സാമ്രാജ്യത്തിന്റെ ഐക്കൺ കൂടിയായിരുന്നു അത്. ബൈസെന്റൈൻ ചക്രവർത്തിയായ ജസ്റ്റീനിയൻ ഒന്നാമൻ എ.ഡി 537ൽ നിർമിച്ച, ‘ഹാഗിയ സോഫിയ- ചർച്ച് ഓഫ് ദ ഹോളി വിസ്ഡം’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ നിർമിതി, 1453ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെയാണ് മോസ്‌ക് ആക്കിമാറ്റിയത്. ക്രൈസ്തവരുടെകൂടി വികാരം കണക്കിലെടുത്ത്, ആധുനിക തുർക്കിയുടെ സ്ഥാപകൻ കമാൽ അത്താത്തുർക്ക് 1934ൽ പ്രസ്തുത നിർമിതിയെ മ്യൂസിയമാക്കി മാറ്റുകയായിരുന്നു. 1985ൽ യുനസ്‌ക്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഒരു ക്രൈസ്തവ ദേവാലയം എന്നതിനേക്കാൾ ചരിത്ര സ്മാരകം എന്ന നിലയിൽ ഹാഗിയ സോഫിയയെ വിലമതിച്ചതിനാലാണ് അത്തത്തുർക്ക് 1934ൽ അതൊരു മ്യൂസിയമാക്കി സംരക്ഷിക്കാൻ തീരുമാനിച്ചത്. ഈയൊരു മഹാമാരികാലത്ത് ആ മ്യൂസിയത്തെ മോസ്ക്കായി മാറ്റുന്നതിലൂടെ തുർക്കി എന്താണ് ലോകത്തോട് പറയാൻ ശ്രമിക്കുന്നത്? എർദോഗന്റെ ലക്ഷ്യം ഒരു ഇസ്ലാമിക സ്വേച്ഛാധിപത്യം സ്ഥാപിക്കുകയും അതിലൂടെ ലോകമെമ്പാടും പണ്ടത്തെ ഓട്ടോമൻ ഖിലാഫത്ത് പോലെ ജിഹാദ് സ്ഥാപിക്കലുമായി കൂടെ? ലോകം പ്രതിസന്‌ധി നേരിടുന്ന ഘട്ടത്തിലെല്ലാം മതത്തിന്റെ പേരിലുള്ള അധിനിവേഷങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.

ഇന്ത്യയെന്ന നമ്മുടെ രാജ്യം തന്നെ അതിന്റെ ഏറ്റവും വലിയ ഉദാഹരണം. സാത്വികരായ ഒരുപറ്റം ഇസ്ലാമികനേതാക്കളൊഴികെ, സ്വാതന്ത്ര്യ സമരത്തിന്റെ ഒരു പ്രത്യേക ഘട്ടംവരെ തന്ത്രപരമായി കൂടെനിന്നവർ തക്കസമയമായപ്പോൾ പ്രഖ്യാപിച്ച ഡയറക്റ്റ് ആക്‌ഷൻ അടിവരയിട്ടതാണ് ഇന്ത്യൻ മണ്ണിലെ മതതീവ്രവാദികളുടെ രാഷ്ട്രീയം. ആ ഡയറക്ട് ആക്ഷനിലൂടെ ആദ്യം കൊൽക്കത്തയിലും പിന്നീട് രാജ്യം മുഴുവനും ഒഴുകിയത് ഒരുപാട് നിരപരാധികളുടെ രക്തപ്പുഴയായിരുന്നു. പാക്കിസ്ഥാനെന്ന ശുദ്ധമായ ഇസ്ലാമികരാജ്യം പടുത്തുയർത്തിയാണവർ ഖിലാഫത്ത് സമരത്തിന്റെ യഥാർത്ഥ ലക്ഷ്യം നിറവേറ്റിയത്.

ഇന്നത്തെ അതേ തുർക്കിയുടെ സുൽത്താനായിരുന്ന ഖലീഫ മെഹമദ് ആറാമനെ ബ്രിട്ടീഷുകാർ ആക്രമിച്ച് കീഴടക്കി സ്ഥാനഭ്രംശനാക്കിയതിന് എതിരെ കുറേ വർഗ്ഗീയവാദികളായ ഇന്ത്യൻ മുസ്ലീങ്ങൾ ആരംഭിച്ച കലാപമായിരുന്നു ഖിലാഫത്ത് സമരം . അതിൽ യഥാർത്ഥ ദേശീയവാദികളായ മുസ്ലീമുകളും ഗാന്ധിയടക്കമുളള മറ്റു ദേശീയവാദികളും പെട്ടുപോയിയെന്നത് ചരിത്രം. അതിന്റെ മറവിൽ ആണ് മുസ്ലീം ഭീകരവാദികൾ പതിനായിരക്കണക്കിനു ഹിന്ദുക്കളെ വടക്കൻ കേരളത്തിൽ കൊന്നു തള്ളിയതും അവരുടെ നേതൃത്വത്തിൽ ഒരു സ്വതന്ത്രഇസ്ലാമിക രാജ്യം കെട്ടിപ്പടുക്കാനും ശ്രമിച്ചത്. അതിനു നേതൃത്വം കൊടുത്ത വാര്യൻകുന്നൻ കുഞ്ഞഹമ്മമദിനെ സ്വാതന്ത്ര്യ സമരസേനാനിയായി വെള്ളപൂശാൻ നിന്നവർക്ക് കൂട്ടുനിന്ന കമ്യൂണിസ്റ്റുകളുടെ നേതാവായ കൊടിയേരിയുടെ ഇപ്പോഴത്തെ ഹാഗിയ സോഫിയ അവസരവാദ നിലപാടിനു പിന്നിലെ ക്രൈസ്തവവോട്ടെന്ന ഒറ്റ ലക്ഷ്യം ആരും കാണാതെ പോകരുത്.

1921 ലെ മാപ്പിളകലാപത്തിനു മുന്നേ 1800കളിൽ ഏറനാട് പ്രദേശങ്ങളിൽ വർഗ്ഗീയകലാപമുണ്ടായിരുന്നു.മലബാര്‍ കലാപം അല്ലെങ്കില്‍ മാപ്പിള കലാപത്തിന്റെ അടിവേരുകള്‍ 1921-ന് ശതാബ്ദങ്ങള്‍ക്കു മുമ്പിലേക്ക് നീളുന്നു. ടിപ്പുസുല്‍ത്താനില്‍ നിന്നും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് മലബാര്‍ പ്രദേശം കിട്ടിയതും ജന്മിമാര്‍ക്ക് ഭൂമി തിരിച്ച് കമ്പനി നല്‍കിയതും, മുസ്ലീം സമുദായത്തിലെ അംഗങ്ങള്‍ക്ക് ഭൂമി ഇല്ലായ്മയും, അല്പം മതഭ്രാന്തും എല്ലാം ഈ കലാപങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് യഥാര്‍ത്ഥ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. 1836-1852 വരെയുള്ള കാലഘട്ടത്തില്‍ 53 മാപ്പിള കലാപങ്ങള്‍ വള്ളുവനാട്, ഏറനാട് പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. ഇതേപ്പറ്റി പഠിക്കാന്‍ മലബാര്‍ ജഡ്ജി ടി.എന്‍. സ്ട്രേഞ്ചിനെ ഏകാംഗ കമ്മിഷനായി സര്‍ക്കാര്‍ നിയമിച്ചു. പക്ഷേ കലാപം “മതഭ്രാന്ത്” എന്നായിരുന്നു സ്ട്രേഞ്ചിന്റെ റിപ്പോര്‍ട്ട്.

മലബാറിന്റെ മണ്ണിൽ മാപ്പിളലഹളയെന്ന പേരിൽ അരങ്ങേറിയത് പാക്കിസ്ഥാനെന്ന ഇസ്ലാമികരാജ്യം സ്ഥാപിക്കലിന്റെ ആദ്യ പരീക്ഷണങ്ങളാണ്. അതിൽ ഭാഗികവും താൽക്കാലികവുമായ വിജയം നേടാൻ കഴിഞ്ഞപ്പോൾ, അഖിലേന്ത്യാ തലത്തിലേക്ക് ആ പരീക്ഷണത്തെ വളർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടന്നത് എന്ന് പാകിസ്ഥാന്റെ സൃഷ്ടിയിലൂടെ പിന്നീട് വ്യക്തമായതുമാണ്. ഡയറക്റ്റ് ആക്‌ഷൻ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നുപോലും രക്തരൂക്ഷിതമായ കൊൽക്കത്ത കലാപവും കൂട്ടക്കൊലയും വരെ ഗാന്ധിജിയോ കോൺഗ്രസ്‌ നേതാക്കളോ മനസ്സിലാക്കിയില്ല. മുസ്ലീം തീവ്രവാദ രാഷ്ട്രീയത്തിന്റെ ‘സ്വത്വം’ ഗ്രഹിക്കുന്നതിൽ ഇന്ത്യയിലെ ഭൂരിപക്ഷം രാഷ്ട്രീയ പ്രസ്ഥാനങ്ങളും അന്നും ഇന്നും

പരാജയപ്പെട്ടിട്ടേയുള്ളൂവെന്നതാണ് ചരിത്രം.

ജനാധിപത്യത്തിൽ അനിവാര്യമായ വോട്ടുബാങ്ക് കെമിസ്ട്രിയിൽ കണ്ണുടക്കിയ മാർക്സിസ്റ്റു ചരിത്രകാരന്മാരാണ് മതസമരത്തെ വർഗ്ഗസമരമാക്കി ചിത്രീകരിച്ചു രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിച്ചത്‌. സമകാലിക ചരിത്രത്തിൽ ഇന്നും അഭിനവമാർക്സുമാർ മലബാർ കലാപത്തിനു വിപ്ലവ പരിവേഷം നല്കി ദൃശ്യവല്കരിക്കാൻ ശ്രമിക്കുമ്പാൾ അതിനെ തുറന്നുകാട്ടിയവരെ വർഗ്ഗീയവാദികളാക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയതിമിരം ബാധിച്ച കണ്ണുകൾക്ക് മൂല്യങ്ങളൊന്നും ബാധകമല്ലാത്തതുകൊണ്ടുമാവാം.

ഹാഗിയ സോഫിയ വിഷയത്തിൽ ഇപ്പോൾ മൗനിബാബകളാകുന്ന കേരളത്തിലെ സാംസ്കാരികപുരോഗമനവാദികളെ കാണുമ്പോൾ വെറുതേ ഗാസയെ ഓർക്കുന്നു. ഇസ്രയേലിന്റെ അധിനിവേഷങ്ങളെ കണ്ണിമയ്ക്കാതെ ഫോക്കസ് ചെയ്തിരുന്ന കമ്മ്യൂണിസ്റ്റുകാർ എർദോഗന്റെ മത അധിനിവേഷം കണ്ടില്ലെന്നു നടിക്കുന്നു. ഇനി അഥവാ അതിനെതിരെ പ്രതിഷേധിക്കുന്നവരെ കണ്ടാലും ആദ്യം ശ്രദ്ധിക്കുക പേരിനൊപ്പമുള്ള വാലിനെയാവും. അങ്ങനെ വരുമ്പോൾ നോബിൾ മാത്യുമാരും ജേക്കബ് തോമസുമാരുമൊന്നും സ്വന്തം വിശ്വാസത്തെ കുറിച്ച് ആകുലപ്പെടുന്നതിനെ വർഗ്ഗീയവാദമായി കണക്കാക്കപ്പെടില്ല. എന്നാലോ അയോദ്ധൃയിലെ രാമക്ഷേത്രം പൊളിച്ചവിടെ പള്ളി പണിത ബാബറെ തുറന്നുകാട്ടുന്ന ഞാൻ വർഗ്ഗീയവാദിയായ ചരിത്രനിഷേധിയാവും. 1992ലെ ബാബറി മസ്ജിദ് കലാപത്തെ ഇന്ത്യൻ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി കണ്ടുക്കൊണ്ടുതന്നെ പറയട്ടെ ബാബർ നടത്തിയ തികഞ്ഞ മത അധിനിവേഷത്തിന്റെ പുതിയ പേരാകുന്നു ഹാഗിയ സോഫിയ. മതം സ്ഥാപിക്കലാണ് ഏത് പോരാട്ടത്തിന്റെയും മുഖ്യലക്ഷ്യമെന്നു തെളിയിച്ച ബാബറിന്റെ, ടിപ്പുവിന്റെ ,ജിന്നയുടെ, വാരിയംകുന്നന്റെ ആധുനികമുഖമാകുന്നു എർദോഗൻ. കോവിഡ് -19 മഹാമാരിയെപ്പോലും അധിനിവേഷത്തിനുള്ള കാരണമായി കണ്ട ചൈനയും പാക്കിസ്ഥാനും പോലെയാകുന്നു തുർക്കിയും. അധിനിവേഷമെന്ന കളിയുടെ നിയമങ്ങൾ എല്ലാ കളിക്കാർക്കും ഒരുപോലെ ബാധകമാകുമ്പോൾ അങ്ങനെ വിവക്ഷിക്കാതെ തരമില്ലല്ലോ. ഒപ്പം സദാമിനും ലാദനും കവിതയെഴുതിയവരുടെ നിലപാട് എന്തെന്നറിയാനും പൊതുസമൂഹത്തിനു ആഗ്രഹമുണ്ട്.

NB: ഹാഗിയസോഫിയയിലെ മത അധിനിവേഷത്തിനെതിരെ പ്രതിഷേധിക്കുന്ന ക്രൈസ്തവരെ വർഗ്ഗീയവാദികളെന്ന ചാപ്പകുത്തലിൽ നിന്നും പ്രത്യയശാസ്ത്രജ്ഞമാർ ഒഴിവാക്കുന്നത് സഭ കല്പിച്ചരുളാൻ സാധ്യതയുള്ള വോട്ടാകുന്ന അപ്പക്കഷണങ്ങൾക്കുവേണ്ടിയാണെന്ന് ഇനിയും മനസ്സിലാക്കാത്ത നിഷ്കളങ്കർക്കു വേണ്ടിയാണ് ഈ കുറിപ്പ്. ഒപ്പം ടൂ നേഷൻസ് തിയറിയെ എന്നും എതിർത്തിരുന്ന ദേശീയവാദിയായ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിലൊന്നും കാണാത്ത ദേശസ്നേഹത്തെ വാരിയംകുന്നൻ എന്ന മനുഷ്യനിലൂടെ ഉയർത്തിക്കാട്ടിയ, അയാളെ സ്വാതന്ത്ര്യസമരചരിത്രത്തിലെ നെടുംതൂണായി പ്രതിഷ്ഠിക്കുന്നതിലെ പൊരുത്തക്കേടും മാപ്പിളകലാപത്തിലൂടെ 1921 ൽ ഏറനാട്ടിൽ നടത്തിയ ഹൈന്ദവകൂട്ടക്കുരുതിയെ കുറിച്ച് പരാമർശിച്ചതിനു തികഞ്ഞ വർഗ്ഗീയവാദിയായി എന്നെ പ്രതിഷ്ഠിച്ച കപടമതേതരന്മാർക്കും കൂടിയുള്ളതാണ് ഈ കുറിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button