ഭോപ്പാൽ: ബക്രീദ് ആഘോഷം പരിസ്ഥിതി സൗഹാർദ്ദമാക്കണമെന്ന ആശയവുമായി പ്രാദേശിക സാംസ്കാരിക സംഘടന. മധ്യപ്രദേശിലെ ഭോപ്പാൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംസ്കൃതി ബച്ചാവോ മഞ്ച് എന്ന സംഘടനയാണ് ഇത്തരമൊരു ആശയവുമായി രംഗത്തുവന്നിരിക്കുന്നത്. ബക്രീദുമായി ബന്ധപ്പെട്ടുള്ള ബലി അനുഷ്ഠാനങ്ങള്‍ക്ക് യഥാർഥ ആടുകൾക്ക് പകരം കളിമണ്ണ് കൊണ്ടുള്ള ആടുകളെ ഉപയോഗിക്കണമെന്ന് ഇവർ വിശ്വാസികളോട് വ്യക്തമാക്കി.
ഈദ് ചടങ്ങുകൾക്കായി ആടുകളെ ബലി നൽകുന്നത് എതിർത്തു കൊണ്ടാണ് ഇത്തരമൊരു ആവശ്യവുമായി ഇവർ എത്തിയത്. ഇതേ ആവശ്യവുമായി ഇവർ കഴിഞ്ഞ ദിവസം റ്റി.റ്റി നഗർ മേഖലയിൽ സംഘടന കൺവീനർ ചന്ദ്രശേഖർ തിവാരിയുടെ നേതൃത്വത്തിൽ കളിമണ്ണ് കൊണ്ടുള്ള ആടുകളെ പ്രദർശിപ്പിച്ച് പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ദീപാവലി വരുമ്പോൾ ആളുകൾ പടക്കങ്ങൾ കുറച്ച് പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനെ കുറിച്ച് സംസാരിക്കും. ഹോളി ആണെങ്കിൽ നിറങ്ങളില്ലാതെ പരിസ്ഥിതി സൗഹാർദ്ദമായി ആഘോഷിക്കണമെന്ന് ആവശ്യപ്പെടും. പിന്നെ എന്തുകൊണ്ട് ഇത്തവണ പരിസ്ഥിതി സൗഹാർദ്ദ ഈദ് ആഘോഷിച്ച് കൂടെയെന്നാണ് അദ്ദേഹം ചോദിച്ചത്. കളിമണ്ണ് കൊണ്ടുള്ള ആടുകളെയും ഇവർ നിർമ്മിച്ച് നൽകുന്നുണ്ട്.
Post Your Comments