KeralaLatest NewsNews

‘ചെലോല്‍ത് ശരിയാകും ചെലോല്‍ത് ശരിയാകൂല്ല..’ ; ഫായിസിന് റോയല്‍റ്റിയും ഒപ്പം സമ്മാനങ്ങളും നല്‍കി മില്‍മ, ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട പെണ്‍കുട്ടിയുടെ വിവാഹത്തിനും നല്‍കുമെന്ന് ഫായിസ്

മലപ്പുറം: ഈ അടുത്ത് വലിയ തോതില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയായിരുന്നു മലപ്പുറം കൊണ്ടോട്ടിക്കാരനായ നാലാം ക്ലാസുകാരന്‍ മുഹമ്മദ് ഫായിസിന്റെ കടലാസ് പൂക്കളുണ്ടാക്കുന്ന വീഡിയോ. ഇതിലെ ‘ചെലോല്‍ത് ശരിയാകും ചെലോല്‍ത് ശരിയാകൂല്ല’ പ്രയോഗം ഏറ്റെടുത്ത മില്മ നടപടിക്കെതിരെ മലയാളികള്‍ ഒന്നായി രംഗത്തെത്തിയപ്പോള്‍ മില്‍മ അത് കേട്ടു. പ്രതിഷേധത്തിന് ഒടുവില്‍ ഫായിസിന് റോയല്‍റ്റിയും സമ്മാനങ്ങളുമായി മില്‍മയെത്തി. പതിനായിരം രൂപയും 14,000 രൂപയുടെ ആന്‍ഡ്രോയിഡ് ടിവിയും മില്‍മയുടെ എല്ലാ ഉല്‍പന്നങ്ങളുമാണ് ഫായിസിന്റെ വീട്ടിലെത്തി കൈമാറിയത്.

അതേസമയം വീണ്ടും താരമായിരിക്കുകയാണ് ഫായിസ്. സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട പെണ്‍കുട്ടിയുടെ വിവാഹത്തിനും നല്‍കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഫായിസ് വീണ്ടും താരമായിരിക്കുന്നത്.

‘ചെലോല്‍ത് ശരിയാവും ചെലോല്‍ത് ശരിയാവൂല്ല..’ എന്ന് തുടങ്ങുന്ന ഫായിസിന്റെ വാചകം പരസ്യവചകമാക്കിയ മില്‍മയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചെലോല്‍ത് ശരിയാകും ചെലോല്‍ത് ശരിയാകൂല്ല പക്ഷേങ്കി ചായ എല്ലാര്‍തും ശരിയാവും പാല്‍ മില്‍മയാണെങ്കില്‍ എന്നായിരുന്നു മില്‍മ ഫായിസിന്റെ വാക്കുകള്‍ ഉപയോഗിച്ച് നിര്‍മിച്ച പരസ്യവചകം.

മലബാര്‍ മില്‍മ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതോടെ പോസ്റ്ററിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാല്‍ ഫായിസിന്റെ വാക്കുകള്‍ റോയല്‍റ്റി അര്‍ഹിക്കുന്നതാണെന്നും കുട്ടിയുടെ അനുവാദമില്ലാതെ വാചകങ്ങള്‍ പരസ്യത്തിനുപയോഗിച്ചത് ശരിയായില്ലെന്നും ഫായിസിന് റോയല്‍റ്റി കൊടുക്കണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇന്ന് രാവിലെയാണ് സമ്മാനങ്ങളുമായി അധികൃതര്‍ വീട്ടിലെത്തിയത്.

കഴിഞ്ഞ ദിവസമാണ് മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ ഇസ്സത്ത് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഫായിസ് കടലാസ് പൂക്കളുണ്ടാക്കുന്ന സ്വയം ചിത്രീകരിച്ച വീഡിയോയുമായി എത്തിയത്. ഫായിസ് പൂക്കള്‍ ഉണ്ടാക്കിയത് പ്രതീക്ഷിച്ച പോലെ ശരിയായില്ലെങ്കിലും ആത്മവിശ്വാസം കൈവിടാതെ ‘ചെലോല്‍ത് ശര്യാവും ചെലോല്‍ത് ശര്യാവൂല, എന്റേത് ശര്യായില്ല, എനിക്കൊരു കൊയിപ്പൂല്ല’ എന്ന് ഫായിസ് പറഞ്ഞത് കേരളം മുഴുവന്‍ ഏറ്റെടുക്കുകയായിരുന്നു. ഫായിസ് സ്വയം ചിത്രീകരിച്ച വീഡിയോ വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് മുനീര്‍ സഖാഫിക്ക് സഹോദരീപുത്രിയാണ് അയച്ചുകൊടുത്തത്. വീഡിയോ പിന്നീട് നാട്ടുകാരിലെത്തിയതോടെ വൈറലായി. ലക്ഷക്കണക്കിന് ആളുകളാണ് ഫായിസിന്റെ വീഡിയോ കണ്ടത്. മൈമൂനയാണ് ഫായിസിന്റെ മാതാവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button