കോട്ടയം: തിരുവാതുക്കൽ-നാട്ടകം ബൈപ്പാസ് റോഡിൽ മാലിന്യം നിക്ഷേപിക്കുന്നവർക്ക് മുന്നറിയിപ്പുമായി നാട്ടുകാർ . ‘മാലിന്യം നിക്ഷേപിക്കുന്നവരെ കയ്യിൽ കിട്ടിയാൽ കയ്യും കാലും തല്ലിയൊടിക്കുന്നതായിരിക്കും’.. എന്നാണ് നാട്ടുകാർ സ്ഥാപിച്ച അപായ സൂചന ബോർഡിൽ പറഞ്ഞിരിക്കുന്നത്.
പ്രകൃതി ഭംഗി കൊണ്ട് മനോഹരമായ ഇടമാണ് തിരുവാതുക്കൽ-നാട്ടകം ബൈപ്പാസ് റോഡ്. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടശേഖരം, കണ്ണിന് കുളിർമയേകുന്ന പച്ചപ്പ്, പാടത്തെ കീറിമുറിച്ചൊഴുകുന്ന ആറ്, ശരീരത്തിനും മനസിനും കുളിര് പകർന്ന് വീശുന്ന കാറ്റ് ഇങ്ങനെ വർണ്ണിക്കാം ആ റോഡിനെ. ഇതുവഴി വാഹനത്തിൽ പോകുന്ന ആളുകൾ പലപ്പോഴും വാഹനങ്ങൾ നിർത്തി പ്രകൃതി സുന്ദരമായ ദൃശ്യങ്ങള്‍ ആസ്വദിക്കാൻ ഇറങ്ങാറുണ്ട്. വിദേശസഞ്ചാരികളും ധാരളമെത്തുന്ന ഒരു ഇടം കൂടിയാണ് ഈ പ്രദേശം. എന്നാൽ പതിയെ ഇവിടെയും മാലിന്യക്കൂമ്പാരങ്ങൾ വന്നു തുടങ്ങി. റോഡിൽ മദ്യക്കുപ്പികൾ ചിതറി വീഴാൻ തുടങ്ങി.. വലിച്ചെറിഞ്ഞ ഭക്ഷണമാലിന്യങ്ങളും ചാക്കിൽ കെട്ടി തള്ളിയ കോഴി മാലിന്യവും നിറഞ്ഞതോടെ ഇതുവഴി പോകുന്നവർ മൂക്ക് പൊത്താതെ നടക്കാൻ വയ്യാത്ത അവസ്ഥയായി.
ഇതോടെ നിവൃത്തി കെട്ട അവസ്ഥയിലാണ് മാലിന്യം നിക്ഷേപിക്കുന്നവരെ കൈകാര്യം ചെയ്യാൻ നാട്ടുകാർ തന്നെ ഇറങ്ങിയിരിക്കുന്നത്. നേരത്തെ മുന്നറിയിപ്പ് നൽകിയില്ലെന്ന് പറയാതിരിക്കാനാണ് തലയോട്ടിയുടെ ചിത്രം പതിപ്പിച്ച് അപായ സൂചന റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ സ്ഥാപിച്ചിരിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.
Post Your Comments