കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതി റമീസിനെ ഏഴ് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. റമീസ് പറഞ്ഞതനുസരിച്ചണ് കള്ളക്കടത്ത് ആസൂത്രണം ചെയ്തതെന്നും ലോക്ഡൗണ്‍ കാലത്ത് പരമാവധി കള്ളക്കടത്ത് നടത്തണമെന്നാണ് റമീസ് നല്‍കിയിരുന്ന നിര്‍ദേശമെന്ന് തെളിവ് ലഭിച്ചതായും എന്‍ഐഎ കോടതിയില്‍ പറഞ്ഞു. റമീസിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് കള്ളക്കടത്ത് ആസൂത്രണം ചെയ്തതെന്ന് നാലാം പ്രതി സന്ദീപ് മൊഴി നല്‍കിയിട്ടുണ്ട്.
നേരത്തെ, സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഇന്ന് കോടതി അഞ്ചു ദിവസത്തേക്ക് കാച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഓഗസ്റ്റ് ഒന്നാം തീയതി വരെയാണ് കസ്റ്റഡി കാലാവധി. അഞ്ചു ദിവസത്തെ കസ്റ്റഡി ആവശ്യം ഇല്ലെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്‍ഐഎ കസ്റ്റഡിയിലിരിക്കെ ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. അതുകൊണ്ട് ദിവസങ്ങളുടെ എണ്ണം കുറയ്ക്കണം. യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്നതിനാല്‍ അവരുടെ ആവശ്യ പ്രകാരം ആണ് ബാഗ് വിട്ടു കൊടുക്കാന്‍ ആവശ്യപ്പെട്ടത് എന്നും അഭിഭാഷകന്‍ വാദിച്ചു.എന്നാല്‍, ഈ വാദങ്ങളെല്ലാം തള്ളിയ കോടതി കസ്റ്റംസിന്റെ ആവശ്യം പരിഗണിക്കുകയായിരുന്നു. കേസില്‍ പ്രതികളായ ഹംജത് അലി, സംജു, മുഹമ്മദ് അന്‍വര്‍, ജിപ്‌സല്‍, മുഹമ്മദ് അബ്ദു ഷമീം എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി.
അതേസമയം വാളയാര്‍ മ്ലാവ് വേട്ടക്കേസില്‍ റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. 2014 ജൂലൈയില്‍ പാലക്കാട് പുതുശേരി കോങ്ങോട്ടുപാടത്ത് മൂന്നു മ്ലാവുകളെ വെടിവച്ചു കൊന്ന കേസിലാണ് റമീസ് പ്രതിയായത്. ആറുവര്‍ഷമായിട്ടും റമീസിനെ അറസ്റ്റ് ചെയ്യുകയോ മറ്റ് പ്രതികള്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്യാതെ വനംവകുപ്പ് വീഴ്ച വരുത്തി. ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ റമീസ് പിടിയിലായപ്പോഴാണ് വനംവകുപ്പ് പഴയ കേസ് പൊടിതട്ടിയെടുത്തത്. റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്താനും കസ്റ്റഡിയില്‍ വാങ്ങാനും വനം ഉദ്യോഗസ്ഥര്‍ കൊച്ചി എന്‍െഎഎ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.
Post Your Comments