KeralaLatest NewsNews

‘ ചെലോല്‍ത് ശരിയാകും, ചെലോല്‍ത് ശരിയാവൂല്ല ‘, ഫായിസിന്റെ വാക്കുകള്‍ ഏറ്റെടുത്ത് മില്‍മ ; റോയല്‍റ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: ഈ അടുത്ത് വലിയ തോതില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയായിരുന്നു മലപ്പുറം കൊണ്ടോട്ടിക്കാരനായ നാലാം ക്ലാസുകാരന്‍ മുഹമ്മദ് ഫായിസിന്റെ കടലാസ് പൂക്കളുണ്ടാക്കുന്ന വീഡിയോ. ഇതിലെ ‘ചെലോല്‍ത് ശരിയാകും ചെലോല്‍ത് ശരിയാകൂല്ല’ പ്രയോഗം ഏറ്റെടുത്തിരിക്കുകയാണ് മില്‍മ. മലബാര്‍ മില്‍മയാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തിറക്കിത്. ചെലോല്‍ത് ശരിയാകും ചെലോല്‍ത് ശരിയാകൂല്ല പക്ഷേങ്കി ചായ എല്ലാര്‍തും ശരിയാവും പാല്‍ മില്‍മയാണെങ്കില്‍ എന്നായിരുന്നു പോസ്റ്റ്.

മലബാര്‍ മില്‍മ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതോടെ പോസ്റ്ററിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാല്‍ ഫായിസിന്റെ വാക്കുകള്‍ റോയല്‍റ്റി അര്‍ഹിക്കുന്നതാണെന്നും കുട്ടിയുടെ അനുവാദമില്ലാതെ വാചകങ്ങള്‍ പരസ്യത്തിനുപയോഗിച്ചത് ശരിയായില്ലെന്നും ഫായിസിന് റോയല്‍റ്റി കൊടുക്കണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തി. ഫായിസിന്റെ വാചകങ്ങള്‍ പരസ്യത്തിലുപയോഗിച്ച് നിരവധി സ്വകാര്യ സ്ഥാപനങ്ങളും രംഗത്തെത്തി.

https://www.facebook.com/MalabarMilmaOfficial/posts/3125856037522339

കഴിഞ്ഞ ദിവസമാണ് മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ ഇസ്സത്ത് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഫായിസ് കടലാസ് പൂക്കളുണ്ടാക്കുന്ന സ്വയം ചിത്രീകരിച്ച വീഡിയോയുമായി എത്തിയത്. ഫായിസ് പൂക്കള്‍ ഉണ്ടാക്കിയത് പ്രതീക്ഷിച്ച പോലെ ശരിയായില്ലെങ്കിലും ആത്മവിശ്വാസം കൈവിടാതെ ‘ചെലോല്‍ത് ശര്യാവും ചെലോല്‍ത് ശര്യാവൂല, എന്റേത് ശര്യായില്ല, എനിക്കൊരു കൊയിപ്പൂല്ല’ എന്ന് ഫായിസ് പറഞ്ഞത് കേരളം മുഴുവന്‍ ഏറ്റെടുക്കുകയായിരുന്നു. ഫായിസ് സ്വയം ചിത്രീകരിച്ച വീഡിയോ വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് മുനീര്‍ സഖാഫിക്ക് സഹോദരീപുത്രിയാണ് അയച്ചുകൊടുത്തത്. വീഡിയോ പിന്നീട് നാട്ടുകാരിലെത്തിയതോടെ വൈറലായി. ലക്ഷക്കണക്കിന് ആളുകളാണ് ഫായിസിന്റെ വീഡിയോ കണ്ടത്. മൈമൂനയാണ് ഫായിസിന്റെ മാതാവ്.

അതേസമയം ഫായിസിന്റെ വാചകങ്ങള്‍ വാണിജ്യ പരസ്യത്തിന് ഉപയോഗിച്ചിട്ടില്ലന്ന് മലബാര്‍ മില്‍മ എംഡി കെഎം വിജയകുമാരന്‍ പറഞ്ഞു. മില്‍മയുടെ പോസ്റ്റര്‍ മറ്റാരെങ്കിലും ഷെയര്‍ ചെയ്യുന്നതിന് ഉത്തരവാദിത്തമില്ല. വീഡിയോയിലെ നിഷ്‌കളങ്കതയും കോവിഡ് കാലത്ത് ആത്മവിശ്വാസം നല്‍കുന്ന വീഡിയോ ശ്രദ്ധയാകര്‍ഷിച്ചെന്നും ഫായിസിന് ഉചിതമായ സമ്മാനം മില്‍മ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button