തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ് സിദ്ധീഖ് പന്താവൂര്‍. യു.എ.ഇ കോണ്‍സുലേറ്റിന്റെ സഹായം സ്വീകരിച്ചതിന് ആണ് പരാതി നല്‍കിയത്. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
യു.എ.ഇ കോണ്‍സുലേറ്റിന്റെ കിറ്റ് വിതരണം ചെയ്യാന്‍ മന്ത്രി സ്വപ്ന സുരേഷുമായും കോണ്‍സുലേറ്റുമായും നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇത് വാര്‍ത്തയായപ്പോള്‍ ഫോണ്‍ കോളിന്റെ വിശദാംശങ്ങള്‍ മന്ത്രി തന്നെ വെളിപ്പെടുത്തിയിരുന്നു. വിദേശരാജ്യത്തിന്റെ സഹായം സ്വീകരിക്കാന്‍ സംസ്ഥാന മന്ത്രി നേരിട്ട് ഇടപെട്ടു എന്ന് സമ്മതിക്കുന്ന മന്ത്രിയുടെ പ്രസ്താവന പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ കുറ്റസമ്മതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് നിയമപരമായി നീങ്ങുന്നത്.
മന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെങ്കില്‍ വിദേശ സംഭാവന നിയമപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര- ആഭ്യന്തര മന്ത്രാലയത്തിലെ വിദേശ സംഭാവന നിയന്ത്രണ വിഭാഗം സെക്രട്ടറിയോട് യൂത്ത് കോണ്‍ഗ്രസ് അനുമതി തേടിയത്.
2010ലെ വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം ഇത് കുറ്റകരമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മൂന്ന് വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷം തടവും പിഴയും അല്ലെങ്കില്‍ സമാന ശിക്ഷയും ലഭിക്കുന്നതാണ് ഇതെന്ന് സിദ്ധീഖ് പന്താവൂര്‍ പറഞ്ഞു. കേന്ദ്ര അനുമതി ലഭിക്കുന്നതിനനുസരിച്ച് കോടതിയെ സമീപിക്കാനാണ് സംഘടനയുടെ തീരുമാനം.
Post Your Comments