Latest NewsKeralaNews

കൈറ്റിന്റെ ‘ഫസ്റ്റ്ബെല്‍’ ക്ലാസുകള്‍ ആയിരം പിന്നിട്ടു : പ്രതിമാസം ശരാശരി 15 ലക്ഷം രൂപ യൂട്യൂബ് വരുമാനം

തിരുവനന്തപുരം • ജൂണ്‍ ഒന്നു മുതല്‍ കൈറ്റ് വിക്ടേഴ്സ് ചാനലും മറ്റു ഡിജിറ്റല്‍ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്ന ‘ഫസ്റ്റ്ബെല്‍’ പ്രോഗ്രാമില്‍ ആദ്യ ഒന്നരമാസത്തിനിടയില്‍ സംപ്രേഷണം ചെയ്തത് ആയിരം ക്ലാസുകള്‍. കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി 604 ക്ലാസുകള്‍ക്കു പുറമെ പ്രാദേശിക കേബിള്‍ ശൃംഖലകളില്‍ 274, 163 യഥാക്രമം കന്നഡ, തമിഴ് ക്ലാസുകളും സംപ്രേഷണം ചെയ്തു.

ചാനലിലുള്ള സംപ്രേഷണത്തിനു പുറമെ കൈറ്റ് വിക്ടേഴ്സിന്റെ വെബ്സ്ട്രീമിംഗിനായി (victers.kite.kerala.gov.in) ഒന്നര മാസത്തില്‍ ഉപയോഗിച്ചത് 141 രാജ്യങ്ങളില്‍ നിന്നുമായി 442 ടെറാബൈറ്റ് ഡാറ്റയാണ്. ഇതിനു പുറമെ പ്രതിമാസ യുട്യൂബ് (youtube.com/itsvicters) കാഴ്ചകൾ ( വ്യൂസ് ) പതിനഞ്ചുകോടിയലധികമാണ്. ഒരു ദിവസത്തെ ക്ലാസുകള്‍ക്ക് യുട്യൂബില്‍ മാത്രം ശരാശരി 54 ലക്ഷം വ്യൂവര്‍ഷിപ്പുണ്ട്. ഇത് പ്രതിദിനം 5 ലക്ഷം മണിക്കൂര്‍ എന്ന കണക്കിലാണ്. യുട്യൂബ് ചാനല്‍ വരിക്കാരുടെ എണ്ണം 15.8 ലക്ഷമാണ്. പരിമിതമായ പരസ്യം യുട്യൂബില്‍ അനുവദിച്ചിട്ടും പ്രതിമാസം ശരാശരി 15 ലക്ഷം രൂപ പരസ്യവരുമാനവും ലഭിക്കുന്നുണ്ട്.

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഹോട്ട്സ്പോട്ടുകള്‍ രൂപീകൃതമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ക്ലാസുകള്‍ തയ്യാറാക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇതോടപ്പം ‘ലിറ്റില്‍ കൈറ്റ്സ്‘ യൂണിറ്റുകളുള്ള രണ്ടായിരത്തിലധികം സ്കൂളുകളില്‍ ക്ലാസുകള്‍ തയ്യാറാക്കുന്നതിന് കൈറ്റ് പദ്ധതിയൊരുക്കിയിട്ടുണ്ടെന്ന് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

നിലവില്‍ ഓഗ്മെന്റഡ് റിയാലിറ്റി/വെര്‍ച്വല്‍ റിയാലിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടെ സാധ്യമായ തോതിൽ ക്ലാസുകളില്‍ പ്രയോജനപ്പെടുത്തി വരുന്നുണ്ട്. പൂർണമായും സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ ഉപയോഗിച്ചുകൊണ്ടുള്ള ഉള്ളടക്ക നിര്‍മാണത്തിനാണ് സ്കൂളുകളെ സജ്ജമാക്കുന്നത്. കായിക വിഷയങ്ങള്‍ ഉള്‍പ്പെടെ പുതിയ പൊതു ക്ലാസുകള്‍ ആഗസ്റ്റ് മുതല്‍ ലഭ്യമാകും.‘

shortlink

Related Articles

Post Your Comments

Related Articles


Back to top button