ചെന്നൈ : ജയലളിതയുടെ പോയസ് ഗാര്‍ഡനിലുളള വേദനിലയത്തിന്റെ കൈവശാവകാശവുമായി ബന്ധപ്പെട്ട പോരാട്ടം വഴിത്തിരിവിലേക്ക്. തമിഴ്‌നാട് സര്‍ക്കാരും ജയലളിതയുടെ അനന്തരവരും തമ്മിലായിരുന്നു തർക്കം നടന്നിരുന്നത്. എന്നാൽ തമിഴ്‌നാട് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരമായി 68 കോടി രൂപ സിവില്‍ കോടതിയില്‍ കെട്ടിവെച്ചിരിക്കുകയാണ്. ഇതോടെ ജയലളിതയുടെ വസതി കൈവശമാക്കുന്നതിനും സ്മാരകമാക്കുന്നതിനും ഈ നീക്കത്തിലൂടെ സര്‍ക്കാരിന് സാധിക്കും.
ജയലളിതയുടെ സ്വത്തിന് മുകളിലുളള ബന്ധുക്കളുടെ അവകാശവാദങ്ങളെ അസാധുവാക്കാന്‍ കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് സര്‍ക്കാര്‍ നടപടി. ജയയുടെ അനന്തരവരായ ജെ.ദീപയും ജെ.ദീപക്കുമാണ് വേദനിലയമടക്കം ജയലളിതയുടെ എല്ലാ സ്വത്തുക്കളുടെയും അവകാശികളെന്ന് കഴിഞ്ഞ മെയ് മാസത്തില്‍ മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയുണ്ടായിരിക്കുന്നത്. നിയമാനുസൃത അവകാശികളുടെ സമ്മതമില്ലാതെ വേദനിലയം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി പൊതുഖജനാവിലെ പണം ഉപയോഗിച്ച് സ്വകാര്യസ്വത്ത് കൈക്കലാക്കാനും അത് സ്മാരകമാക്കി മാറ്റാനും ലക്ഷ്യമിടുന്ന സര്‍ക്കാര്‍ നയത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
അതേസമയം 68 കോടി രൂപ സിവില്‍ കോടതിയില്‍ കെട്ടിവെച്ചതിനെ തുടര്‍ന്ന് സ്വത്ത് ഇപ്പോള്‍ സര്‍ക്കാരിന്റേതാണെന്ന് ചെന്നൈ ജില്ലാ ഭരണകൂടം വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. സ്വത്തുസംബന്ധിച്ച അവകാശവാദം ഉന്നയിച്ച് ദീപക്കോ ദീപയോ ഇതുവരെ ഒരു രേഖകളും ലാന്‍ഡ് അക്യുസിഷന്‍ ഓഫീസര്‍ക്ക് നല്‍കിയിട്ടില്ല. സ്വത്തുവിഭജനം ഉള്‍പ്പടെയുള്ള അവകാശവാദങ്ങള്‍ക്കായി ഇരുവരും ഇനി സിവില്‍ കോടതിയെ സമീപിക്കേണ്ടതുണ്ട്. നിലവിലെ വിപണിമൂല്യമനുസരിച്ച് വസതിയുടെ യഥാര്‍ഥ മൂല്യം 100 കോടിയാണെന്ന് ഇരുവരും അവകാശപ്പെട്ടിരുന്നു. അതേസമയം, സ്വത്തിന്റെ കൈവശാവകാശവുമായി ബന്ധപ്പെട്ട് താന്‍ വീണ്ടും മദ്രാസ് ഹൈക്കോടതിയെ സമീപിക്കുമെന്ന് ദീപ അറിയിച്ചിട്ടുണ്ട്.
Post Your Comments