തിരുവനന്തപുരം • കോവിഡ് പരിശോധനയുടെ കാര്യത്തിൽ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം മൂന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തുടക്കത്തിൽ 100നു താഴെ മാത്രമായിരുന്നു പ്രതിദിന പരിശോധന. അത് രോഗവ്യാപന തോതനുസരിച്ച് 25,000ത്തിൽ കൂടുതലെത്തിക്കാൻ കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,160 സാമ്പിളുകളാണ് പരിശോധിച്ചത്.
15 സർക്കാർ ലാബുകളിലും 8 സ്വകാര്യ ലാബുകളിലുമുൾപ്പെടെ 25 സ്ഥലങ്ങളിലാണ് ആർടിപിസിആർ പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്. ട്രൂ നാറ്റ് പരിശോധന 19 സർക്കാർ ലാബിലും 15 സ്വകാര്യ ലാബിലും സിബി നാറ്റ് പരിശോധന 6 സർക്കാർ ലാബിലും 9 സ്വകാര്യ ലാബിലും നടക്കുന്നു. എയർപോർട്ടിലേയും ക്ലസ്റ്ററുകളിലേയും ആന്റിജൻ പരിശോധനയ്ക്കായി 10 ലാബുകളുമുണ്ട്. നിലവിൽ 84 ലാബുകളിൽ കോവിഡിന്റെ വിവിധ പരിശോധനകൾ നടത്താനാകും. 8 സർക്കാർ ലാബുകളിൽ കൂടി പരിശോധിക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണ്. അക്രഡിറ്റേഷൻ ഉള്ള സ്വകാര്യ ലാബുകൾക്ക് പരിശോധനയ്ക്കുള്ള അനുമതി നൽകുന്നുമുണ്ട്. ടെസ്റ്റ് പോസിറ്റീവിറ്റി 2.6 ശതമാനം മാത്രമാണ് സംസ്ഥാനത്തുള്ളത്. പരിശോധന അനുസരിച്ച് 5 ശതമാനത്തിന് താഴെ കേസുകളാണെങ്കിൽ നിയന്ത്രണ വിധേയമാണെന്നാണ് ഡബ്ല്യുഎച്ച്ഒ പറയുന്നത്. 30 ദിവസത്തേയ്ക്ക് ആവശ്യമായ കിറ്റുകൾ കെഎംഎസ്സിഎൽ മുഖേന ലഭ്യമാക്കിയിട്ടുണ്ട്. കുറവ് വരുന്ന മുറയ്ക്ക് അവ ശേഖരിക്കാനുമുള്ള നിർദേശവും നൽകിയിട്ടുണ്ട്.
Post Your Comments