ന്യൂഡല്‍ഹി: കോവിഡിനെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത ‘കോവാക്‌സി’ന്റെ മനുഷ്യരിലുള്ള ആദ്യഘട്ട പരീക്ഷണം ഇന്നലെ ആരംഭിച്ചു. ഡല്‍ഹിക്കാരനായ മുപ്പതുകാരനിലാണ് 0.5 മില്ലിലിറ്റര്‍ വാക്‌സിന്‍ ആദ്യം കുത്തിവെച്ചത്. യുവാവില്‍ ഇതുവരെ പാര്‍ശ്വഫലങ്ങളൊന്നും പ്രകടമായിട്ടില്ലെന്ന് പരീക്ഷണത്തിനു നേതൃത്വം നല്‍കുന്ന ഡോ. സഞ്ജയ് റായി അറിയിച്ചു. അടുത്ത ഒരാഴ്ച ഇയാളെ നിരീക്ഷണവിധേയമാക്കും. അതേസമയം ശനിയാഴ്ച കൂടുതൽ പേരിൽ മരുന്ന് കുത്തിവെക്കും. 3500-ലധികം പേരാണ് വാക്‌സിന്‍ പരീക്ഷണത്തിനായി സന്നദ്ധതയറിയിച്ചിരിക്കുന്നത്. പരിശോധനയില്‍ യോഗ്യരെന്ന് തെളിയുന്നവരിൽ വാക്‌സിൻ കുത്തിവെക്കും.
ആദ്യഘട്ടത്തില്‍ ആകെ 375 പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കുക. ഇവരില്‍ 100 പേര്‍ എയിംസില്‍നിന്നായിരിക്കും. ആദ്യഘട്ടത്തില്‍ 18-55 വയസ്സ് പ്രായമുള്ളവരെയും രണ്ടാംഘട്ടത്തില്‍ 12-65 വയസ്സ് പ്രായമുള്ളവരെയുമാണ് പരീക്ഷണത്തിന് തിരഞ്ഞെടുക്കുക. രണ്ടാംഘട്ടത്തില്‍ 750 പേരില്‍ വാക്‌സിന്‍ കുത്തിവെക്കും.
Post Your Comments