കൊച്ചി: സിനിമാമേഖലയിലും സ്വര്‍ണക്കള്ളക്കടത്ത് ഇടപാടുകളുണ്ടെന്ന ഗുരുതര ആരോപണവുമായി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റും നിര്‍മാതാവുമായ സിയാദ് കോക്കര്‍. സ്വര്‍ണക്കടത്ത് പണം സിനിമയില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ഇതിന്റെ വിഹിതം പറ്റുന്ന ടെക്‌നീഷ്യന്‍സും ആര്‍ട്ടിസ്റ്റുകളുമൊക്കെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിനിമ മേഖലയില്‍ സ്വര്‍ണ കള്ളക്കടത്തുകാരുടെ ഇടപെടല്‍ നടന്നിട്ടുണ്ട്. ബിഗ് ബജറ്റ് ചിത്രങ്ങളുടെ ധന സമാഹരണത്തെ കുറിച്ച് കൃത്യമായ അന്വേഷണം വേണം. ശരിയല്ലാത്ത രീതികളില്‍ സിനിമയില്‍ വന്‍തോതില്‍ പണം എത്തുന്നു. ചില നിര്‍മാതാക്കള്‍ ഇത്തരക്കാരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നതായും സിയാദ് കോക്കര്‍ പറഞ്ഞു. സിനിമ താരങ്ങളുടെയും നിര്‍മാതാക്കളുടെയും തുടങ്ങി സിനിമ മേഖലയിലുള്ളവരുടെ എന്‍ആര്‍ഐ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നും മാത്രമല്ല ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ സ്വര്‍ണ കള്ളക്കടത്ത് സംഘങ്ങളുടെ പങ്ക് അന്വേഷിക്കണമെന്നും സിയാദ് കോക്കര്‍ ആവശ്യപെട്ടു.
വിദേശത്തുവച്ച് നടന്ന ഷോകളില്‍ പങ്കെടുക്കുന്ന താരങ്ങളെ ഏതെങ്കിലും വിധത്തില്‍ ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ ഫൈസല്‍ ഫരീദ് ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇയാള്‍ പല സിനിമകള്‍ക്കും പണം നല്‍കിയിട്ടുണ്ടെന്നുമുള്ള സൂചനകള്‍ പുറത്തുവന്നിരുന്നു. ഫൈസല്‍ ഫരീദ് സിനിമാ മേഖലയുമായി ബോധപൂര്‍വം ബന്ധം സൃഷ്ടിച്ച് കള്ളക്കടത്ത് പണം സിനിമാ നിര്‍മാണത്തിന് ഇറക്കുകയായിരുന്നെന്ന് സിയാദ് കോക്കര്‍ ആരോപിക്കുന്നു.
Post Your Comments