തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്‍റെ ഓഫിസിലെ സിസിടിവി ദൃശ്യങ്ങള്‍ എൻഐഎയ്ക്ക് നൽകാമെന്ന് സർക്കാർ. ജൂലൈ 1 മുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍ നല്‍കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. ഈ കാലയളവിലെ ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചിട്ടില്ലെന്നാണ് വിശദീകരണം നൽകിയിരിക്കുന്നത്. സരിത്തും സ്വപ്നയും സന്ദീപ് നായരും അറസ്റ്റിലായപ്പോള്‍ തന്നെ ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചീഫ് സെക്രട്ടറിയില്‍ നിന്ന് എന്‍ഐഎ വിവരങ്ങള്‍ തേടിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞദിവസം ദൃശ്യങ്ങള്‍ തേടി സെക്രട്ടേറിയേറ്റിൽ നേരിട്ടെത്തുകയായിരുന്നു.
കള്ളക്കടത്തു നടന്ന രണ്ടു മാസത്തിനുള്ളില്‍ പ്രതികള്‍ ശിവശങ്കറിന്‍റെ ഓഫിസിലും എത്തിയെന്നാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. ഇടി മിന്നലിൽ ക്യാമറ കേടായതായി സർക്കാർ മുൻപ് അറിയിച്ചിരുന്നു. എന്നാൽ ക്യാമറ കേടായാലും ദൃശ്യങ്ങൾ നഷ്ടപ്പെടില്ലെന്നു സാങ്കേതിക വിദഗ്ധർ പറയുന്നു. ഈ സാഹചര്യത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതികൾ സെക്രട്ടേറിയറ്റിൽ എത്തിയെങ്കിൽ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് എൻഐഎയുടെ നിഗമനം
Post Your Comments