കോഴിക്കോട് : കോൺഗ്രസ് നേതാവും എം പിയുമായ കെ മുരളീധരന് കൊവിഡ് പരിശോധന നടത്താൻ കോഴിക്കോട് ജില്ലാകളക്ടറുടെ നിർദ്ദേശം. കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം വിവാഹിതനായ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിലെ വീട്ടില്‍വെച്ചായിരുന്നു ചടങ്ങുകള്‍. ഈ ചടങ്ങില്‍ കെ മുരളീധരന്‍ എംപി പങ്കെടുത്തിരുന്നു. തുടര്‍ന്നാണ് കെ മുരളീധരനും അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്കും കോവിഡ് പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം കെ മുരളീധരന്‍ എംപി ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. വിവാഹവുമായി ബന്ധപ്പെട്ട് ഈ മാസം നാലാം തീയതി മുതല്‍ ഡോക്ടര്‍ അവധിയിലായിരുന്നു. വിവാഹ ചടങ്ങിനിടെയാണ് രോഗബാധ ഉണ്ടായതെന്നാണ് സൂചന.
അതേസമയം താന്‍ വിവാഹചടങ്ങില്‍ പങ്കെടുത്ത് പോയ ശേഷം വന്ന വ്യക്തിയില്‍ നിന്നാണ് ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുരളീധരന്‍ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു. പോസിറ്റീവായ ഒരു വ്യക്തിയുടെ വിവാഹത്തിന് ഞാന്‍ പങ്കെടുത്തെന്ന പ്രചരണം പച്ചക്കള്ളമാണ്. ജൂലൈ ഒമ്പതിനാണ് വിവാഹം നടന്നതെന്നും വിവാഹത്തലേന്നാണ് താൻ പോയതെന്നും മുരളീധരന്‍ ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം……………………….
#കോവിഡ് പോസിറ്റീവായ ഒരു വ്യക്തിയുടെ വിവാഹത്തിന് ഞാൻ പങ്കെടുത്തെന്ന പ്രചരണം പച്ചക്കള്ളമാണ്.
ജൂലൈ ഒമ്പതിനാണ് വിവാഹം നടന്നത്. എന്റെ നിയോജക മണ്ഡലത്തിലെ ചെക്യാട് നടന്ന വിവാഹത്തിന് ആശംസ അറിയിക്കാൻ ഞാൻ പോയത് വിവാഹത്തലേന്നാണ്. (ജൂലൈ എട്ടിന്).
ഞാൻ വിവാഹ ദിവസം പങ്കെടുത്തു എന്ന പേരിലാണ് വ്യാപക പ്രചരണം നടക്കുന്നത്.
വിവാഹ ദിവസം അവിടെ പങ്കെടുത്ത ഒരു വ്യക്തിയുടെ സമ്പർക്കത്തിൽ നിന്നാണ് വരന് കോവിഡ് പോസിറ്റീവ് ആയത്.
ഈ വ്യക്തിയുമായി ഞാൻ കണ്ടിട്ടുപോലുമില്ല.
അല്ലെങ്കിൽ പോലും രോഗം ഒരു തെറ്റല്ല. നാളെ ഇത് ആർക്കും വരാം.
കൂടുതൽ പേർക്ക് വരാതിരിക്കാൻ പ്രാർത്ഥിക്കുകയും മുൻകരുതലുകൾ എടുക്കുകയും ചെയ്യാം.
ഇതിന്റെ പേരിൽ വ്യക്തിഹത്യ ചെയ്യുന്നവർ നീചമായ രാഷ്ട്രീയമാണ് കാണുന്നത്.
ഒരു പക്ഷേ ഞാൻ ആ വിവാഹത്തിൽ പങ്കെടുത്തിരുന്നെങ്കിലും സർക്കാർ നിർദേശങ്ങൾ പാലിച്ച് ക്വാറന്റൈനിൽ പോയേനെ.
പാർലമെന്റ് സമ്മേളനം കഴിഞ്ഞെത്തിയപ്പോൾ സർക്കാർ നിർദേശ പ്രകാരം14 ദിവസം ക്വാറന്റൈനിൽ പോവുകയും ചെയ്തിരുന്നു.
ഒരു ജനപ്രതിനിധി എന്ന നിലയിൽ ദുരന്ത കാലത്ത് സ്വന്തം സുരക്ഷിതത്വം നോക്കി മാറിനിൽക്കാൻ കഴിയില്ല.
അങ്ങനെ ചെയ്യുകയുമില്ല.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശക്തമായി പ്രവർത്തിക്കും.
കുപ്രചരണങ്ങൾ നടത്തി ജനങ്ങളിൽ നിന്നും അകറ്റി നിർത്താൻ ആരും ശ്രമിക്കേണ്ട.
രാഷ്ട്രീയ പ്രേരിതമായ അനാവശ്യ വിമർശനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു…
Post Your Comments