ന്യൂഡല്‍ഹി : രാജ്യസുരക്ഷ കണക്കിലെടുത്ത് ചൈന-പാകിസ്ഥാന്‍ രാജ്യങ്ങളെ ലക്ഷ്യമാക്കി കേന്ദ്രത്തിന്റെ പുതിയ നടപടി. ചൈനീസ് അതിര്‍ത്തി സംഘര്‍ഷത്തിനു പിന്നാലെയാണ് വാണിജ്യ മേഖലയില്‍ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര ധനകാര്യമന്ത്രാലയം ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. അതിര്‍ത്തിരാജ്യങ്ങളില്‍നിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി വ്യാഴാഴ്ച രാത്രി ധനമന്ത്രാലയം നിയമഭേദഗതി നടപ്പിലാക്കി. ദേശസുരക്ഷ കണക്കിലെടുത്തു ചൈന, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളെ ലക്ഷ്യമാക്കിയാണ് പുതിയ നടപടിയെന്ന് മന്ത്രാലയ അധികൃതര്‍ പറഞ്ഞു. ചൈന, നേപ്പാള്‍, ഭൂട്ടാന്‍, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളുമായാണ് ഇന്ത്യ അതിര്‍ത്തി പങ്കിടുന്നത്.
Read Also : ബോയ്‌കോട്ട് ചൈന ക്യാമ്പയിൻ : ചൈനീസ് ഫോൺ വിൽപ്പന താഴോട്ട്, സാംസങ്ങിന് വൻ നേട്ടം
ഇനി മുതല്‍ ഈ രാജ്യങ്ങളില്‍നിന്നുള്ള കമ്പനികള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡില്‍ (ഡിപിഐഐടി) റജിസ്റ്റര്‍ ചെയതെങ്കില്‍ മാത്രമേ പദ്ധതി അപേക്ഷ സമര്‍പ്പിക്കാന്‍ യോഗ്യത ഉണ്ടായിരിക്കുകയുള്ളു. വിദേശകാര്യ, ആഭ്യന്തര, ധന മന്ത്രാലയങ്ങളില്‍നിന്നു രാഷ്ട്രീയ, സുരക്ഷാ അനുമതി മുന്‍കൂട്ടി വാങ്ങുകയും വേണം. ഡിസംബര്‍ 31 വരെ കോവിഡ് മരുന്നുകളെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍നിന്നുളള സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന തരത്തില്‍ 2017 ലെ പൊതുധനകാര്യ നിയമം (ജിഎഫ്ആര്‍) ഭേദഗതി ചെയ്യുകയാണ് ചെയ്തിരിക്കുന്നത്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്വയംഭരണസ്ഥാപനങ്ങള്‍ക്കും പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) സ്ഥാപനങ്ങള്‍ക്കും ഇതു ബാധകമായിരിക്കും. സര്‍ക്കാരില്‍നിന്നു ധനസഹായം ലഭിക്കുന്ന പദ്ധതികളും നിയമഭേദഗതിയുടെ പരിധിയില്‍ വരും. സംസ്ഥാന സര്‍ക്കാരുകളും അതിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും ഇതു പാലിക്കേണ്ടിവരും.
ധനമന്ത്രാലയത്തിനു കീഴിലുള്ള എക്സ്പെന്‍ഡിച്ചര്‍ വകുപ്പാണ് വ്യാഴാഴ്ച രാത്രി ഇതു സംബന്ധിച്ച് രണ്ട് ഉത്തരവുകള്‍ പുറത്തിറക്കിയത്. ഇന്ത്യ ധനസഹായം നല്‍കുന്ന നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഉത്തരവില്‍ ഇളവു നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. നേരിട്ടുള്ള വിദേശനിക്ഷേപ നിയമങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.
Post Your Comments