KeralaCinemaMollywoodNews

പകുതി ബ്ലാക്കും പകുതി വൈറ്റുമായി ഹവാല പണംകൊണ്ട് മലയാളത്തില്‍ സിനിമകള്‍ ഉണ്ടായിട്ടുണ്ട്- നിർമ്മാതാവ് സുരേഷ് കുമാർ

ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറിയപ്പോള്‍ അത് സിനിമാമേഖലയിലും പ്രതിഫലിച്ചു

ഹവാല പണം ഉപയോഗിച്ച്‌ നിര്‍മിച്ച സിനിമകള്‍ മലയാളത്തില്‍ വന്നിട്ടില്ലെന്ന് പറയാന്‍ കഴിയില്ല എന്നാണ് നിര്‍മാതാവായ സുരേഷ് കുമാര്‍ പറയുന്നത് .ഒരു കാലഘട്ടില്‍ പകുതി ബ്ലാക്കും പകുതി വൈറ്റുമായാണ് തുക വാങ്ങിച്ചുകൊണ്ടിരുന്നത് എന്നുള്ള വസ്തുത ആര്‍ക്കും നിഷേധിക്കാന്‍ പറ്റില്ല. നോട്ടുനിരോധനത്തിനു ശേഷം ഇന്ത്യ ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറിയപ്പോള്‍ അത് സിനിമാമേഖലയിലും പ്രതിഫലിച്ചു എന്നും സുരേഷ് കുമാര്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെടുന്നു.

സുരേഷ് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ:

ഹവാല പണം ഉപയോഗിച്ച്‌ നിര്‍മിച്ച സിനിമകള്‍ മലയാളത്തില്‍ വന്നിട്ടില്ലെന്ന് പറയാന്‍ കഴിയില്ല. പക്ഷേ, അതു കുറഞ്ഞിട്ടുണ്ട്. ഒരു കാലഘട്ടില്‍ പകുതി ബ്ലാക്കും പകുതി വൈറ്റും ഒക്കെയാണ് വാങ്ങിച്ചുകൊണ്ടിരുന്നത്. കുറെക്കാലം മുന്‍പത്തെ കാര്യമാണ് ഞാന്‍ പറയുന്നത്. അത് ആര്‍ക്കും നിഷേധിക്കാന്‍ പറ്റില്ല. നോട്ടുനിരോധനത്തിനു ശേഷം ഇന്ത്യ ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറിയപ്പോള്‍ അത് സിനിമാമേഖലയിലും പ്രതിഫലിച്ചു. ടെക്നീഷ്യന്‍സിനു ബാറ്റ പോലും അക്കൗണ്ട് വഴിയാണ് ഇപ്പോള്‍ കൊടുക്കുന്നത്.പിന്നെ, ഹവാല പണം ഇല്ലെന്ന് പറയാന്‍ പറ്റില്ല. ഒത്തിരി പേര്‍ പുറത്തു നിന്നൊക്കെ വന്നു സിനിമയില്‍ മുതല്‍മുടക്കുന്നവരുണ്ട്. വരുന്ന നിര്‍മാതാക്കള്‍ ആരെന്ന് അറിയുന്നില്ല. അവരുടെ ആധാര്‍ കാര്‍ഡും മറ്റു വിവരങ്ങളുമൊക്കെ കാണും. ‘ടൂറിസ്റ്റ് പ്രൊഡ്യൂസേഴ്സ്’ എന്നാണ് ഇവരെ പറയുന്നത്. ഇവര്‍ക്ക് സിനിമയോട് കമ്മിറ്റ്മെന്റ് ഇല്ല. സിനിമയുടെ ഗ്ലാമര്‍ കണ്ടിട്ടാണ് പലരും വരുന്നത്. ഇവരില്‍ 95 ശതമാനം ആളുകളും നഷ്ടം സഹിച്ചാണ് തിരിച്ചു പോകുന്നത്.

നിര്‍മാതാവിന് വോയ്സ് ഇല്ല എന്ന രീതിയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. ആരാണ് പ്രൊഡ്യൂസര്‍ എന്നു ചോദിച്ചാല്‍ പല ആര്‍ട്ടിസ്റ്റിനും അറിയില്ല. അവര്‍ക്ക് പ്രൊഡക്‌ഷന്‍ മാനേജര്‍മാരെയാണ് പരിചയം. അവരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. നിര്‍മാതാവിനെ സെറ്റില്‍ കാണാറു പോലുമില്ല. പണ്ടൊക്കെ നിര്‍മാതാക്കള്‍ ആര്‍ട്ടിസ്റ്റുകളോട് നേരിട്ട് സംസാരിച്ചാണ് പ്രതിഫലം ഉറപ്പിക്കുക. ഇപ്പോള്‍ സംസാരിക്കുന്നത് പ്രൊഡക്‌ഷന്‍ മാനേജരാണ്. അവരാണ് പ്രൊജക്‌ട് ഉണ്ടാക്കുന്നത്. നിര്‍മാതാവിന് അഞ്ചു രൂപ ലാഭം കിട്ടുന്നത് അവിടെ പോയിക്കിട്ടും. ചുരുക്കം ആളുകളെ നിര്‍മാതാക്കള്‍ നേരിട്ട് സംസാരിച്ച്‌ കാര്യങ്ങള്‍ ശരിയാക്കുന്ന രീതി പിന്തുടരുന്നുള്ളൂ.

സിനിമാ നിര്‍മാണരംഗത്തേക്ക് വരുന്നവരുടെ പക്കല്‍ നിന്ന്, പൊലീസ് വെരിഫിക്കേഷന്‍ വാങ്ങാറുണ്ട്. അവര്‍ക്ക് ക്രിമിനല്‍ ബന്ധമില്ലെന്ന ക്ലിയറന്‍സ് ആണ് വേണ്ടത്. അതിലൂടെ കുറേയൊക്കെ അവരുടെ പശ്ചാത്തലത്തെക്കുറിച്ച്‌ അറിയാന്‍ കഴിയും. ഈ പറയുന്ന പോലെ അധോലോകമൊന്നും ഇതിനകത്തില്ല.ഹവാല പണം വന്നിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ടെന്ന് തന്നെ ഞാന്‍ പറയും. അത് വ്യക്തമായി എനിക്കറിയാം. പല രീതിയിലും പല ആള്‍ക്കാരും പൈസ ഇറക്കിയിട്ടുണ്ട്. ഫൈനാന്‍സ് ചെയ്യുന്ന ആളുകള്‍ കുറേപ്പേരുണ്ട്. അവരില്‍ പലരും ബ്ലാക്ക് കൊടുക്കാറുണ്ട്. ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുമ്ബോള്‍ സിനിമയില്‍ മുതല്‍മുടക്ക് നടത്താന്‍ പലരും ഒന്നു മടിക്കും.പിന്നെ, ഇപ്പോള്‍ എല്ലാവര്‍ക്കും മാന്ദ്യകാലമാണ്. സ്വന്തം നില സുരക്ഷിതമാക്കാനേ ആരും ശ്രമിക്കൂ. സിനിമയില്‍ പണം മുടക്കുന്നത് റിസ്ക് ആയതിനാല്‍ സുരക്ഷിതമായ നിക്ഷേപങ്ങളാകും പലരും തിരഞ്ഞെടുക്കുക. സിനിമ എന്നത് ആരുടെയും ഫസ്റ്റ് ചോയ്സ് അല്ല. അതിനാല്‍ തീര്‍ച്ചയായും സിനിമയില്‍ മുതല്‍മുടക്ക് നടത്തുന്നവര്‍ കുറയും.

shortlink

Post Your Comments


Back to top button