കൊച്ചി: യുവതാരം ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതരമായ ആരോപണവുമായി നിർമാതാവ് ജി സുരേഷ്കുമാർ. ശ്രീനാഥ് ഭാസി ലഹരിമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് സുരേഷ് കുമാറിന്റെ ആരോപണം. ശ്രീനാഥ് ഭാസി ലഹരി ഉപയോഗിക്കുന്ന വിവരം മലയാള സിനിമയിൽ എല്ലാവർക്കുമറിയാമെന്നും അദ്ദേഹം ആരോപിച്ചു. ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്കേർപ്പെടുത്തിയ സംഭവം വിവാദമായ പശ്ചാത്തലത്തിൽ റിപ്പോർട്ടർ ടി വി എഡിറ്റേഴ്സ് അവറിലെ ചർച്ചയിൽ പങ്കെടുക്കവെയായിരുന്നു സുരേഷ്കുമാറിന്റെ ആരോപണം.
‘ജോലിസ്ഥലത്ത് ഇത് അനുവദിക്കില്ല. എന്നാൽ ഇവിടുത്തെ കാരണം സെറ്റിൽ സമയത്തിന് വരാത്തതും നിർമ്മാതാക്കളോട് പ്രതിബദ്ധത കാണിക്കാത്തതുമാണ്. ഷെയ്ൻ നിഗം മയക്കുമരുന്ന് ഉപയോഗിച്ചു എന്ന് ആരും പറഞ്ഞിട്ടില്ല. ഷെയ്ൻ നിഗം മയക്കുമരുന്ന് ഉപയോഗിച്ചു എന്ന് ഇവിടെ ആരും പറയുന്നില്ല. അയാൾക്കെതിരെയുള്ള കുറ്റം അതല്ലല്ലോ. അയാൾ പറയുന്ന രീതിയിൽ സിനിമയെടുക്കുക എന്നത് നടക്കില്ല. ശ്രീനാഥ് ഭാസിയുടെ കാര്യം അതല്ല. അയാൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അത് എനിക്ക് മാത്രമല്ല മലയാള സിനിമയിലെ എല്ലാവർക്കും അറിയാം.
അതൊന്നുമല്ല പക്ഷെ ഇവിടെ കാരണം. അവരുടെ ജോലികഴിഞ്ഞ് വീട്ടിൽ പോയ ശേഷം അവർക്ക് എന്തും ചെയ്യാം, ഞങ്ങളുടെ കാര്യമല്ല അത്. മയക്കുമരുന്ന് ഉപയോഗിച്ച് ജോലി തടസ്സപ്പെടുത്താതെയിരുന്നാൽ മതി. സെറ്റിൽ വന്ന് ഇത് ചെയ്യുന്നതിനോട് എല്ലാവർക്കും എതിർപ്പാണ്. ആത് മാത്രമല്ല, ശ്രീനാഥ് ഭാസി സമയത്തിന് സെറ്റിൽ വരികയോ നിർമ്മാതാക്കളോട് പ്രതിബദ്ധത കാണിക്കുകയോ ചെയ്യുന്നില്ല’, സുരേഷ്‌കുമാർ പറഞ്ഞു.
Post Your Comments