തിരുവനന്തപുരം • ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ടി.വി. ചലഞ്ചിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 11,500 ടെലിവിഷനുകൾ ഡി.വൈ.എഫ്.ഐ. വിതരണം ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി ടി.വി.കൾക്കൊപ്പം 110 ടാബുകളും 194 മൊബൈലുകളും വിതരണം ചെയ്തു. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള ലോക്ക്ഡൗണിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത കുട്ടികളെ സഹായിക്കാനാണ് യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ. ടിവി ചലഞ്ചിന് തുടക്കമിട്ടത്.
ഒരോ മേഖല കമ്മിറ്റിയും ടി.വി. ഇല്ലാത്ത കുട്ടികളെ കണ്ടെത്തി വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. എല്ലാ ജില്ലകളിലും പദ്ധതി മികച്ച രീതിയിൽ നടപ്പായി. 1304 ടി.വികൾ കൈമാറിയ എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം ടി.വികൾ വിതരണം ചെയ്തത്. പാലക്കാട്-1074, കൊല്ലം-1066, ത്രിശ്ശൂർ-1050, കോഴിക്കോട്-960, കണ്ണൂർ-870, തിരുവനന്തപുരം-863, ആലപ്പുഴ-762, പത്തനംതിട്ട-748, മലപ്പുറം-682, കോട്ടയം-613,
ഇടുക്കി-537, കാസർഗോഡ്-511, വയനാട്-460 ടിവികളുമാണ് മറ്റ് ജില്ലകളിൽ വിതരണം ചെയ്തത്.
ടി.വി ചലഞ്ച് വഴി നേരിട്ടും അല്ലാതെയും സംസ്ഥാനത്ത് ഇരുപതിനായിരത്തിലധികം വിദ്യാർഥികൾക്ക് പഠന സഹായമെത്തിക്കാൻ ഡിവൈഎഫ്ഐക്ക് സാധിച്ചു. ആദിവാസി കേന്ദ്രങ്ങളിൽ ടിവി വിതരണത്തിന് പ്രത്യേക പദ്ധതിയും തയ്യാറാക്കിയിരുന്നു. സംസ്ഥാനം നേരിടുന്ന കോവിഡ് പ്രതിസന്ധിയിൽ ഓരോ ദിവസവും അവസരോചിതമായ ഇടപെടലാണ് ഡിവൈഎഫ്‌ഐ കാഴ്ച്ചവച്ചത്.
നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ക്യാമ്പയിന് പിന്തുണയും സഹായഹസ്തവുമായി സമൂഹ്യ സാംസ്കാരിക മണ്ഡലത്തിലെ പ്രമുഖർ പങ്കുചേർന്നിരുന്നു. നടി മഞ്ചുവാര്യർ, സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, നടൻ സന്തോഷ് കീഴാറ്റൂർ തുടങ്ങി സമൂഹത്തിന്റെ നാനാവിഭാഗത്തിൽ നിന്നുള്ളവർ ക്യാമ്പയിന്റെ ഭാഗമായി ടി.വി. കൈമാറി.
സന്നദ്ധരായ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽ നിന്നുള്ള ടിവി സ്പോൺസർഷിപ്പും ചലഞ്ചിന്റെ ഭാഗമാക്കിയിരുന്നു. അതോടൊപ്പം റീസൈക്കിൾ കേരളയുടെ ഭാഗമായി ശേഖരിക്കുന്ന പഴയ ടിവികൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ റിപ്പയർ ചെയ്തും നൽകി. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുവാനും എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന അവകാശം കോവിഡ് കാലഘട്ടത്തില്‍ ആര്‍ക്കും നഷ്ടപ്പെടാതിരിക്കുവാനുമുള്ള അവസരോചിതമായ ഇടപാലായി മാറി ഡി.വൈ.എഫ്.ഐയുടെ ക്യാമ്പയിൻ.
Post Your Comments