തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഈ സ്ഥിതി തുടർന്നാൽ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 75,000 വരെയായി ഉയരാമെന്ന് സർക്കാരിനു ലഭിച്ച പുതിയ പ്രൊജക്‌ഷൻ റിപ്പോർട്ട്.
ഓഗസ്റ്റ് അവസാന വാരം മുതൽ സെപ്റ്റംബർ 15 വരെയാണു രോഗികളുടെ എണ്ണം ഏറ്റവും കൂടാൻ സാധ്യത. തിരുവനന്തപുരം, മലപ്പുറം, എറണാകുളം ജില്ലകളിലായിരിക്കും കൂടുതൽ രോഗികളെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധനകളും ചികിത്സാ സൗകര്യങ്ങളും വർധിപ്പിക്കാനുള്ള ശ്രമത്തിലാണു സർക്കാർ. എന്നാൽ, ഇക്കാര്യത്തിൽ ഒട്ടേറെ വെല്ലുവിളികൾ മുന്നിലുണ്ട്.
സർക്കാരിന്റെ കോവിഡ് ആശുപത്രികളിൽ വിദഗ്ധ ചികിത്സ ലഭിക്കുന്നുണ്ടെങ്കിലും തിരക്കേറിയതോടെ സൗകര്യങ്ങൾ കുറഞ്ഞു. ശുചിമുറി ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ പല ആശുപത്രികളിലും അപര്യാപ്തമാണ്. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ക്വാറന്റീനിൽ പോകേണ്ടി വരുന്നതോടെ ഡ്യൂട്ടിയിലുള്ളവർ രാപകലില്ലാതെ കഷ്ടപ്പെടുന്ന അവസ്ഥയാണ് ഉള്ളത്.
ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 20,404 കിടക്കകൾ തയാറാണെന്ന് 21 നു പറഞ്ഞ മുഖ്യമന്ത്രി 22 ന് അത് 15,975 എന്നു തിരുത്തി. പക്ഷേ, ഇവിടങ്ങളിൽ വേണ്ടത്ര ആരോഗ്യ പ്രവർത്തകരെ നിയോഗിക്കലാണു വെല്ലുവിളി. 187 കേന്ദ്രങ്ങളിലേക്കു നിയോഗിച്ചിരിക്കുന്നതു 305 ഡോക്ടർമാരെയും 574 നഴ്സുമാരെയും മാത്രം. അതായത്, ഒരു കേന്ദ്രത്തിൽ രണ്ടിൽ താഴെ ഡോക്ടർമാരും 3 നഴ്സുമാരും. ഇപ്പോൾ തന്നെ ഏകദേശം 5000 പേർ ചികിത്സയിലുണ്ട്. കാര്യമായ ലക്ഷണമില്ലാത്തവരെ രോഗം സ്ഥിരീകരിച്ചു 10 ദിവസം കഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാമെന്നാണു ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശമെങ്കിലും അതു പോരെന്ന സർക്കാർ നിലപാട് തിരക്കു വർധിപ്പിക്കുന്നു.
ആന്റിജൻ ടെസ്റ്റ് വ്യാപകമാക്കിയെങ്കിലും രോഗസ്ഥിരീകരണത്തിനുള്ള ആർടി പിസിആർ പരിശോധനാ ഫലങ്ങൾ പല ജില്ലകളിലും ഒരാഴ്ച വരെ വൈകുന്നുണ്ട്. ജീവനക്കാരുടെ കുറവും ലാബുകളിലെ സൗകര്യക്കുറവുമാണു കാരണം. ലബോറട്ടറികളുടെ എണ്ണം വർധിപ്പിക്കണമെന്ന് വിദഗ്ധസമിതി ശുപാർശ നൽകിയിട്ടുണ്ട്. പരിശോധനാ ഫലം വൈകുന്നതു രോഗവ്യാപനത്തിനും പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടുന്നതിനും ഇടയാക്കുമെന്നും മുന്നറിയിപ്പുണ്ട്.
Post Your Comments