COVID 19Latest NewsKeralaNews

ബലിപെരുന്നാൾ ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തും

തിരുവനന്തപുരം • ബലിപെരുന്നാളിന്റെ ഭാഗമായ ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തുമെന്ന് മുസ്‌ലീം മത നേതാക്കൾ ഉറപ്പു നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബലിപെരുന്നാൾ അടുത്ത സാഹചര്യത്തിൽ മുസ്ലിം മതനേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസ് ചർച്ചയിലാണ് അവർ ഉറപ്പ് നൽകിയത്.

പരമാവധി ആഘോഷങ്ങൾ ചുരുക്കി നിർബന്ധിതമായ ചടങ്ങുകൾ മാത്രം നിർവഹിക്കാമെന്ന ധാരണയാണ് പൊതുവെ ഉണ്ടായിരിക്കുന്നത്. പെരുന്നാൾ നമസ്‌കാരത്തിന് പള്ളികളിൽ മാത്രം സൗകര്യമേർപ്പെടുത്താമെന്നാണ് ഉയർന്നുവന്ന അഭിപ്രായം. പൊതുസ്ഥലങ്ങളിൽ ഈദ്ഗാഹ് ഉണ്ടായിരിക്കില്ല. സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും. പരമാവധി 100 പേർ പങ്കെടുക്കും. ബലികർമ്മവുമായി ബന്ധപ്പെട്ട് ഇടപെടുന്നവർക്കും ജോലി ചെയ്യുന്നവർക്കും കോവിഡ് ടെസ്റ്റ് നടത്താനും ധാരണയായിട്ടുണ്ട്.
ടൗണിലെ പള്ളികളിൽ അപരിചിതരും മറ്റും എത്തുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കും. നേരത്തെ തുറക്കാതിരുന്ന പള്ളികളിൽ അതേ നില തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ റമദാൻ കാലത്ത് ഉയർത്തിപിടിച്ച നൻമയുടെ സന്ദേശം ബലിപെരുന്നാൾ ഘട്ടത്തിലും പ്രാവർത്തികമാക്കാൻ തയ്യാറാകുന്നത് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ, സെയ്ദ് ഖലീലുൾ ബുഹാരി, പ്രൊഫ. ആലിക്കുട്ടി മുസലിയാർ, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മുസലിയാർ, ടി.പി. അബ്ദുള്ള കോയ മദനി, ഡോ. ഹുസൈൻ മടവൂർ, എം.ഐ. അബ്ദുൾ അസീസ്, ടി.കെ. അഷറഫ്, ഡോ. ഇ.കെ. അഹമ്മദ്കുട്ടി, ആരിഫ് ഹാജി, പ്രൊഫ. പി.ഒ.ജെ. ലബ്ബ, സി.പി. കുഞ്ഞുമുഹമ്മദ്, ഇ.പി. അഷ്‌റഫ് ബാഖവി, മരുത അബ്ദുൾ അസീസ് മൗലവി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button