തിരുവനന്തപുരം • കേരളം കോവിഡ് രോഗമുക്തിയുടെ കാര്യത്തിൽ പിന്നിലാണെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കോവിഡ് 19മായി ബന്ധപ്പെട്ട് കേരളത്തിന്റെ ഡിസ്ചാർജ് പോളിസി ദേശീയ തലത്തിലും മറ്റു സംസ്ഥാനങ്ങളിലും നിലവിലുള്ള പോളിസികളിൽ നിന്നും വ്യത്യസ്തമാണ്. ദേശീയ പോളിസി അനുസരിച്ച് അഡ്മിറ്റ് ചെയ്ത് 10 ദിവസത്തിനു ശേഷം ചെറിയ രോഗലക്ഷണങ്ങളില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാം. കേരളമൊഴികെ ഭൂരിഭാഗം സംസ്ഥാനങ്ങളും ആ രീതിയാണ് പിന്തുടരുന്നത്. എന്നാൽ കേരളത്തിന്റെ രീതിയനുസരിച്ച് ടെസ്റ്റ് രണ്ടു തവണ നെഗറ്റീവ് ആയതിനു ശേഷമാണ് രോഗിയെ ഡിസ്ചാർജ് ചെയ്തിരുന്നത്.
ഇംഗ്ലണ്ടിൽ നിന്നു വന്ന ആറൻമുള സ്വദേശിയെ 22 തവണ ടെസ്റ്റ് നടത്തി, 3 തവണ നെഗറ്റീവായതിനു ശേഷംമാണ് ഡിസ്ചാർജ് ചെയ്തത്. 41 ദിവസമാണ് അദ്ദേഹത്തെ ചികിത്സിച്ചത്. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശിനിയായ വീട്ടമ്മ കോവിഡ്19 മുക്തയായി വീട്ടിലേക്ക് മടങ്ങിയത് 48 ദിവസങ്ങൾക്ക് ശേഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതെല്ലാം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്.
കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ആരോഗ്യ വകുപ്പിന്റെ പുതുക്കിയ ഗൈഡ്‌ലൈനിലും ലക്ഷണങ്ങളില്ലാത്ത കേസുകളിലും ടെസ്റ്റുകൾ നിർബന്ധമാക്കിയിട്ടുണ്ട്. ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയവർക്ക് മാത്രമേ ഡിസ്ചാർജ് അനുവദിക്കുകയുള്ളൂ. പോസിറ്റീവ് ആകുന്നവർക്ക് ഡിസ്ചാർജ് ഉണ്ടാകില്ല. നമ്മൾ മുന്നിലാണെന്ന് കാണിക്കാൻ വേണമെങ്കിൽ കേന്ദ്രത്തിന്റെ ഡിസ്ചാർജ് പോളിസി നമുക്ക് അതേപടി പിന്തുടരാമായിരുന്നു. എന്നാൽ സമൂഹത്തിന്റെ സുരക്ഷ പഴുതടച്ച് ഉറപ്പുവരുത്താനും രോഗവ്യാപനത്തിനുള്ള സാധ്യത അടയ്ക്കാനും ടെസ്റ്റ് നെഗറ്റീവ് ആയവർക്ക് മാത്രം ഡിസ്ചാർജ് എന്ന നയമാണ് ഇവിടെ സ്വീകരിച്ചത്. കണക്കുകളിൽ ഒന്നാം സ്ഥാനത്തെത്തുക എന്നതല്ല, ശാസ്ത്രീയമായി ഈ രോഗാവസ്ഥയെ മറികടക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments