തിരുവനന്തപുരം: മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്‌തതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണം മികച്ച രീതിയിലാണെന്നും അതിൽ ആർക്കാണിത്ര വേവലാതിയെന്നും അദ്ദേഹം ചോദിച്ചു. എൻഐഎ അന്വേഷണം മികച്ച രീതിയിൽത്തന്നെ മുന്നോട്ട് പോകുകയാണ്. വ്യക്തമായ രീതിയിൽ അന്വേഷണം തുടരുന്നു എന്നതിൽ ആർക്കാണിത്ര വേവലാതി. ആർക്കും എവിടെ വേണമെങ്കിലും അന്വേഷിച്ച് എത്താം. അതിൽ ഒരു എതിർപ്പുമില്ല. എനിക്ക് ഇതിൽ പുതുതായി പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെതിരെ കൂടുതൽ നടപടിയുമായി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയതിലും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. ആ കമ്പനിയെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് തന്നെ നടപടികൾ സ്വീകരിക്കും. അതിൽ മറ്റ് കാര്യങ്ങളൊന്നും ഉയർത്തേണ്ടതില്ല”. പിഡബ്ല്യുസിയെ ഐടി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളിൽ നിന്നും ഒഴിവാക്കാനാണ് ചീഫ് സെക്രട്ടറി പ്രത്യേക ഉത്തരവിലൂടെ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Leave a Comment