ബെയ്ജിംഗ്: കൂടുതല്‍ രുചിക്ക് വേണ്ടി അധികം വേവിക്കാതെ മാംസം കഴിക്കുന്ന പതിവ് ചൈനക്കാര്‍ക്കുണ്ട്. അതിന്റെ അപകടവും അവര്‍ അനുഭവിക്കാറുണ്ട്. അത്തരത്തിലുള്ള പല റിപ്പോര്‍ട്ടുകളും സമീപകാലത്ത് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, സമാനമായ ഒരു സംഭവം വാര്‍ത്തയാവുകയാണ്. ചൈനയിലെ ഹാങ്സുവിലുള്ള 55കാരനാണ് വേവിക്കാതെ മത്സ്യം കഴിച്ചതുകൊണ്ട് ദുരിതം അനുഭവിച്ചത്.
കടുത്ത വയറുവേദന മൂലമാണ് ഇദ്ദേഹം ആശുപത്രിയിലെത്തിയത്. ഇയാൾക്ക് അവസാനം കരളിന്റെ ഒരു ഭാഗം തന്നെ മുറിച്ചു മാറ്റേണ്ടി വന്നു. എന്താണ് വേദനയുടെ കാരണമെന്ന് ഡോക്ടര്‍മാര്‍ക്കും മനസിലായില്ല. പിന്നീട് എക്സ് റേ പരിശോധനയില്‍ ഇയാളുടെ കരളിന്റെ ഭാഗത്ത് പഴുപ്പ് നിറഞ്ഞതു പോലെ ചില മുഴകള്‍ കണ്ടെത്തി. വിശദമായ പരിശോധനയിലാണ് അത് വിരകളുടെ മുട്ടകളാണെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞത്.
വിശദമായ പരിശോധനകള്‍ക്കൊടുവില്‍ ഡോക്ടര്‍മാര്‍ ക്ലോണോര്‍ച്ചിയാസിസ് എന്ന രോഗമാണ് ഹാഗിന് പിടിപെട്ടതെന്ന് കണ്ടെത്തി, ഇത് സാധാരണയായി പരാന്നഭോജികളായ ഫ്ലാറ്റ് വേം എന്നയിനം വിര മൂലമാണ്. കരളിന് നടത്തിയ ശസ്ത്രക്രിയയ്ക്കൊടുവില്‍ ലൈറ്റ് ബള്‍ബ് ആകൃതിയിലുള്ള നിരവധി മുട്ടകള്‍ ഡോക്ടര്‍മാര്‍ കണ്ടെത്തി.
മുട്ടയിട്ട് പെരുകി ഒരുപാട് വിരകളായിരുന്നു ഇയാളുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ഡോക്ടര്‍മാര്‍ ഇയാളുടെ ആഹാരരീതി ചോദിച്ചപ്പോള്‍ രുചിക്ക് കഴിക്കാന്‍ വേണ്ടി ശരിക്കും വേവിക്കാതെ മത്സ്യം കഴിക്കുന്ന പതിവുണ്ടെന്ന് ഇയാള്‍ പറയുകയായിരുന്നു. അത്തരത്തില്‍ കഴിച്ച ഒരു മത്സ്യത്തില്‍ നിന്നാണ് വിരകള്‍ ശരീരത്തില്‍ പ്രവേശിച്ചതെന്നും പെരുകിയതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
Post Your Comments