തിരുവനന്തപുരം : പട്ടം സെന്റ് മേരിസ് സ്‌കൂളില്‍ കീം പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത സംഭവം തന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചെന്ന് ശശി തരൂര്‍ എംപി. വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൂട്ടം കൂടി നിന്ന് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിദ്യാര്‍ത്ഥികളുടെ പേരുകളും അഡ്രസ്സും പോലീസ് ആവശ്യപ്പെട്ടു എന്നാണ് കേള്‍ക്കുന്നതെന്നും ഇത് തികച്ചും പ്രകോപനപരമാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത സംഭവത്തിനെതിരെ എംപി രംഗത്തെത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥി സമൂഹവും രാഷ്ട്രീയ നേതാക്കളും, താനടക്കം, കേരള സര്‍ക്കാരിനോട് കോവിഡ് മഹാമാരി കേരളത്തില്‍ വ്യാപിക്കപ്പെടുന്ന ഈ സമയത്ത് പരീക്ഷ നീട്ടിവെക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും പക്ഷെ, തികച്ചും നിരുത്തരവാദപരമായി സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ട് പോകുകയാണുണ്ടായതെന്നും ശശി തരൂര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരായിരുന്നു എന്നത് തികച്ചും ആശങ്ക സൃഷ്ടിക്കുന്നുവെന്നും ജനത്തിരക്ക് ഒഴിവാക്കാന്‍ കൂടുതല്‍ സെന്ററുകള്‍ അനുവദിക്കാതെ, സര്‍ക്കാരിന്റെ തീരുമാനപ്രകാരം നടത്തിയ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത നടപടിക്കെതിരെ ശക്തമായി അപലപിക്കുന്നുവെന്നും എംപി പറഞ്ഞു.
സര്‍ക്കാര്‍ അവരുടെ കഴിവില്ലായ്മ മറക്കാന്‍ പൗരന്മാര്‍ക്കെതിരെ തിരിയുന്ന പ്രവണത അവസാനിപ്പിച്ചേ ഒക്കൂ. വിദ്യാര്‍ത്ഥികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ ശക്തിയായി താന്‍ ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതുവരെ കീം പരീക്ഷയ്ക്ക് എത്തിയ അഞ്ച് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതില്‍ പരീക്ഷ എഴുതിയ നാല് വിദ്യാര്‍ത്ഥികള്‍ക്കും കൂട്ടിന് വന്ന ഒരു രക്ഷിതാവിനുമാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.
Post Your Comments