കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാനോ സഹകരിപ്പിക്കാനോ തയ്യാറായില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോവിഡ് രോഗത്തിന്റെ പ്രാരംഭഘട്ടം മുതല്‍ വണ്‍മാന്‍ഷോ നടത്തി സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കുന്ന തിരക്കിലായിരുന്നു മുഖ്യമന്ത്രിയെന്നും സര്‍ക്കാരിന്റെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം പൂര്‍ണ്ണ സഹകരണമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭക്ഷണം, മരുന്ന്, യാത്രാസൗകര്യം തുടങ്ങി നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും എന്നാല്‍ സാമൂഹിക അടുക്കള മുതല്‍ ഓരോ ഘട്ടത്തിലും മുഖ്യമന്ത്രിയും സിപിഎമ്മും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയവത്കരിക്കാനാണ് ശ്രമിച്ചതെന്നും കോവിഡ് പ്രതിരോധത്തിന്റെ കെഡ്രിറ്റ് ഏതുവിധേനയും സ്വന്തമാക്കുകയായിരുന്നു മുഖ്യമന്ത്രിയുടേയും സി.പി.എമ്മിന്റേയും ലക്ഷ്യമെന്നും മുല്ലപ്പള്ളി ആരോപിച്ചു.
സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍ പ്രതിപക്ഷത്തിന്റെ തലയില്‍ കെട്ടിവയ്ക്കാമെന്ന് കരുതിയെങ്കില്‍ മുഖ്യമന്ത്രിയ്ക്ക് തെറ്റിയെന്നും ഐ.എം.എ, ആരോഗ്യവിധഗ്ദ്ധര്‍ തുടങ്ങിയവര്‍ നല്‍കിയ മുന്നറിയിപ്പ് വകവയ്ക്കാതെയെടുത്ത സര്‍ക്കാരിന്റെ തീരുമാനങ്ങളാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വലിയ ജാഗ്രതക്കുറവാണ് ഉണ്ടായതെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.
പി.ആര്‍ ഏജന്‍സികളെ ഉപയോഗിച്ച് അന്താരാഷ്ട്രതലത്തില്‍ പ്രചാരം നേടാനുള്ള അവസരമായി കണ്ട് അതിനുള്ള ശ്രമം നടത്തി. ബിബിസി പോലുള്ള മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വാഴ്ത്തി. ഒടുവില്‍ സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പൊള്ളത്തരം തിരിച്ചറിഞ്ഞ ബിബിസി തെറ്റുതിരുത്തി പാളിച്ച തുറന്നുകാട്ടി വാര്‍ത്ത നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
രോഗവ്യാപനം തിരിച്ചറിയാന്‍ ആവശ്യമായ ടെസ്റ്റുകള്‍ നടത്തുന്നതില്‍ കേരളം മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണ്. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചിട്ടും ആവശ്യമായ മുന്‍കരുതലെടുക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായില്ല. രോഗവ്യാപനം ശക്തമായ സാഹചര്യത്തില്‍ എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷ സര്‍ക്കാര്‍ ഒഴിവാക്കേണ്ടതായിരുന്നു. ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും രോഗബാധ ഉണ്ടാകുന്നത് ആശങ്കവര്‍ധിപ്പിക്കുന്നതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോവിഡിനെ മറയാക്കി മദ്യം, മണല്‍ മാഫിയകള്‍ക്ക് സര്‍ക്കാര്‍ ചുവന്ന പരവതാനി വിരിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി ലംഘിച്ച് മദ്യശാലകള്‍ തുറന്നു. രോഗവ്യാപനം ഉണ്ടാകുമെന്ന പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ് സര്‍ക്കാര്‍ പാടെ അവഗണിച്ചു. പ്രവാസികള്‍ക്കായി രണ്ടര ലക്ഷം ക്വാറന്റൈന്‍ കേന്ദ്രങ്ങളും 1,30,000 കിടക്കളും ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഒടുവില്‍ അവരെ വഞ്ചിച്ചു. പ്രവാസികളുടെ കേരളത്തിലേക്കുള്ള വരവ് എങ്ങനെയും തടയാന്‍ ശ്രമം നടത്തി. പ്രവാസികളെ മരണത്തിന്റെ വ്യാപാരികളാക്കി ചിത്രീകരിച്ചുവെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു.
ഇതിനിടെയാണ് സ്വര്‍ണ്ണകള്ളക്കടത്ത് സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് സഹായം നല്‍കിയതുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വന്നത്. ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കേണ്ട ഘട്ടമാണിതെങ്കിലും കോവിഡ് വ്യാപനം തീവ്രമായി തുടരുന്നതിന്റെയും കേരള ഹൈക്കോടതി ജൂലൈ 31 വരെ സമരങ്ങള്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചതിന്റെയും പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി സമരങ്ങളില്‍ നിന്ന് പിന്‍മാറിയതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Post Your Comments