ബെംഗളുരു: പ്രസവവേദനയെത്തുടര്‍ന്ന് എത്തിയ യുവതി ചികിത്സയ്ക്ക് വേണ്ടി ആശുപത്രികളില്‍നിന്ന് ആശുപത്രികളിലേക്ക് ഓടുന്നതിനിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. ബെംഗളുരുവിലെ കെ സി ജനറല്‍ ആശുപത്രിക്ക് പുറത്തുവച്ചാണ് യുവതി പ്രസവിച്ചത്. ആവശ്യമായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് യുവതിക്ക് കുഞ്ഞിനെ നഷ്ടമായി.
ശ്രീറാംപുര സര്‍ക്കാര്‍ ആശുപത്രി, വിക്ടോറിയ ആശുപത്രി, വാണിവിലാസ് ആശുപത്രി എന്നീ മൂന്ന് ആശുപത്രികളാണ് യുവതിയുടെ പ്രവേശനം നിഷേധിച്ചത്. എവിടെയും കിടക്കകളില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഇതോടെ യുവതിയെ പ്രവേശിപ്പിക്കാന്‍ ആശുപത്രി സൗകര്യത്തിനായി നെട്ടോട്ടത്തിലായിരുന്നു ബന്ധുക്കള്‍. ഇതിനിടയിലാണ് കെ സി ജനറല്‍ ആശുപത്രിക്ക് മുന്നില്‍ വച്ച് ഓട്ടോയില്‍ യുവതി പ്രസവിച്ചത്. എന്നാല്‍ ആവശ്യമായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് കുഞ്ഞ് ഉടനെ മരിക്കുകയായിരുന്നു.
മിക്ക ആശുപത്രികളും കൊവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 10 ദിവസത്തിനിടെ രണ്ട് നവജാത ശിശുക്കളാണ് ചികിത്സ ലഭിക്കാതെ ബെംഗളുരുവില്‍ മരിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ വലിയ വിവാദമാണ് ഉണ്ടായിരിക്കുന്നത്. ഇത്തരം ആശുപത്രികളുടെ ലൈസന്‍സ് റദ്ദ് ചെയ്യാനടക്കം പല കോണുകളില്‍ നിന്നും ആവശ്യം ഉയരുന്നുണ്ട്. അതേസമയം കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയോട് ആവശ്യപ്പെട്ടു.
നിരവധി ആശുപത്രികളാണ് പ്രസവവേദനയെത്തുടര്‍ന്ന് എത്തിയ യുവതിയ്ക്ക് ചികിത്സ നിഷേധിച്ചത്. ഓട്ടോറിക്ഷയ്ക്കുള്ളില്‍ വച്ച് പ്രസവിക്കേണ്ടി വന്ന ഈ സ്ത്രീക്ക് തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടു. ചികിത്സ നിഷേധിച്ചതിന് ഈ ആശുപത്രികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചികിത്സ നിഷേധിക്കുന്നതിനെ തുടര്‍ന്ന് കൊവിഡ് ബാധിതരല്ലാത്ത രോഗികള്‍ ധാരാളമായി കര്‍ണാടകയില്‍ മരിക്കുന്നുണ്ട്. ചികിത്സ നിഷേധിക്കുന്ന അത്തരം ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ട്വീറ്റില്‍ സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
Post Your Comments