ഭോപ്പാല്‍: മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ അന്തരിച്ചു. 85കാരനായ ഗവര്‍ണര്‍ ജൂണ്‍ 13 മുതല്‍ പനി ബാധിച്ച് ലഖ്‌നൗവിലെ മേദാന്ത ആശുപത്രിയിലായിരുന്നു. മരണ വിവരം മകന്‍ അശുതോഷ് ടണ്ടനാണ് പുറത്തുവിട്ടത്. ലാല്‍ജി ടണ്ടന്‍ അസുഖ ബാധിതനായതോടെ ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് മധ്യപ്രദേശിന്റെ അധിക ചുമതല നല്‍കിയിരുന്നു.
ജൂണ്‍ 27നാണ് ആനന്ദിബെന്‍ പട്ടേലിന് രാഷ്ട്രപതി മധ്യപ്രദേശിന്റെ അധിക ചുമതല നല്‍കിയത്. പനിയും വാര്‍ധക്യസഹജമായ അസുഖങ്ങളും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ടണ്ടന്‍ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു. രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ജൂണ്‍ 15ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
2018 മുതല്‍ 2019 ജൂലൈ വരെ ബിഹാറിന്റെ ഗവര്‍ണറായിരുന്നു ലാല്‍ജി ടണ്ടന്‍. ബിജെപി നേതാവായിരുന്ന ഇദ്ദേഹം ലഖ്‌നൗവില്‍ നിന്ന് 2009ല്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ നിരവധി തവണ മന്ത്രിയായിരുന്നു. മകന്‍ അശുതോഷ് ടണ്ടന്‍ നിലവില്‍ യുപി മന്ത്രിയാണ്.
Post Your Comments