കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് ഗണ്‍മാനെ അനുവദിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടിയും കള്ളക്കടത്തുകാരെ സഹായിക്കാന്‍ വേണ്ടിയുമാണ് കോണ്‍സുലേറ്റ് ജനറലിന് പ്രത്യേക ഗണ്‍മാന്റെ സേവനം സര്‍ക്കാര്‍ ലഭ്യമാക്കിയതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു. ഇത്രയും ഗുരുതരമായ ആരോപണം നേരിടുന്ന മുഖ്യമന്ത്രി അധികാരത്തില്‍ പിടിച്ചു തൂങ്ങാതെ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡിപ്ലോമാറ്റുകള്‍ക്ക് ഗണ്‍മാനെ നല്‍കുന്നത് സ്വാഭാവിക നടപടി ആണെന്ന സര്‍ക്കാരിന്റെ വാദം തെറ്റാണ്. 2016-ല്‍ തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റിന്റെ പുതിയ കെട്ടിട്ടം ഉദ്ഘാടനം ചെയ്യപ്പട്ടപ്പോള്‍ ഓഫിസിന് സുരക്ഷ നല്‍കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം. അല്ലാതെ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക സുരക്ഷയൊരുക്കണം എന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയുടെ ഒളിസങ്കേതമെവിടെയായിരുന്നുവെന്നും ആരാണ് സ്വപ്നയെ ഒളിപ്പിച്ചതെന്നും സ്വപ്നയുടെ ശബ്ദരേഖ പുറത്ത് എത്തിച്ചത് ആരെന്നുമുള്ള കാര്യങ്ങളിലെല്ലാം എന്‍ഐഎ അന്വേഷണത്തിലൂടെ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments