തിരുവനന്തപുരം : കണ്ടക്‌ടർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു. ഇവിടെ അണുനശീകരണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് ഇന്ന് അടയ്‌ക്കുന്ന രണ്ടാമത്തെ ഡിപ്പോയാണ് ആറ്റിങ്ങൽ. നേരത്തെ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടതിനാൽ വെഞ്ഞാറമൂട് ഡിപ്പോ അടച്ചിരുന്നു.
കെ.എസ്.ആർ.ടി.സിയ്ക്ക് ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടുന്ന തിരുവനന്തപുരം ജില്ലയിലെ രണ്ട് പ്രധാനപ്പെട്ട ഡിപ്പോകൾ കൂടി അടച്ചത് വരുമാനത്തിൽ കാര്യമായ ഇടിവുണ്ടാക്കുമെന്നാണ് അധികൃതർ പറയുന്നത്. തുറന്നിരിക്കുന്ന പല ഡിപ്പോകളിലും ആശങ്കയോടെയാണ് ജീവനക്കാർ ഡ്യൂട്ടിയ്ക്ക് എത്തുന്നത്. ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചെങ്കിൽ കൂടിയും കാര്യമായി ആരും ബസിനെ ആശ്രയിക്കാത്തതിനാൽ മിക്ക ബസുകളും സംസ്ഥാനത്ത് കാലിയായാണ് സർവ്വീസ് നടത്തുന്നത്.
സംസ്ഥാനത്ത് അയ്യായിരത്തോളം ബസുകളുള്ള കെ.എസ്.ആർ.ടി.സിയുടെ രണ്ടായിരത്തി അഞ്ഞൂറോളം ബസുകൾ മാത്രമാണ് നിലവിൽ സർവ്വീസുകൾക്കായി ഷെഡ്യൂൾ ചെയ്യുന്നത്. അതിൽ തന്നെ രണ്ടായിരം തികച്ച് ബസുകൾ പോലും ദിവസവും ഓടാറില്ലെന്നതാണ് വസ്‌തുത. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയും കിഴക്കേകോട്ട ഡിപ്പോയും അടച്ചത് കെ.എസ്.ആർ.ടി.സിയ്ക്ക് കനത്ത സാമ്പത്തിക ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. കൊവിഡ് സമ്പർക്ക വ്യാപനം കാരണം ഇതുവരെ സംസ്ഥാനത്തെ ഇരുപത്തിനാല് ഡിപ്പോകളാണ് അടച്ചത്.
Post Your Comments