തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്പിച്ചെന്ന് സി.പി.എം സെക്രട്ടേറിയറ്റ് വിലയിരുത്തിയെന്ന വാർത്ത തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങൾ കെട്ടിച്ചമച്ച വർത്തയാണത്. സി.പി.എം സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്ന ആളാണ് താന്‍. അവിടെ അങ്ങനെ ഒരു കാര്യവും ചര്‍ച്ചചെയ്‌തില്ല. സെക്രട്ടേറിയറ്റ് യോഗത്തിന്റെ കാര്യങ്ങള്‍ സംസ്ഥാന സെക്രട്ടറി നിങ്ങളോട് പറഞ്ഞിട്ടുണ്ട്. സെക്രട്ടറി പറഞ്ഞതിന് ഇങ്ങനെയൊരു വ്യാഖ്യാനം സൃഷ്ടിക്കാന്‍ കഴിയില്ല.സി.പി.എം ജനങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. ഈ മാസം 30വരെ അത്തരം പ്രവര്‍ത്തനങ്ങളൊന്നും നടത്താനാകില്ല. 30ന് ശേഷം നടത്താമെന്ന പ്രതീക്ഷയിലാണ് ആഗസ്റ്റില്‍ വിശദീകരണയോഗങ്ങള്‍ തീരുമാനിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വര്‍ണ്ണക്കടത്ത് കേസിൽ സര്‍ക്കാരിനെതിരെ പ്രചാരണം നേരത്തേ നിശ്ചയിച്ചിരുന്നു. സംഭവം പുറത്തുവന്ന ദിവസം ഒരു നേതാവ് പറഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസിലേക്ക് വിളിച്ചെന്നാണ്. എന്ത് അടിസ്ഥാനത്തിലാണത് പറഞ്ഞത്? സര്‍ക്കാരിനെതിരെ പൊതുവികാരം വളര്‍ത്തി സര്‍ക്കാരിനെ ഇടിച്ചുതാഴ്‌ത്താമെന്നാണ് അവരുടെ ചിന്ത. അതിനവര്‍ പല തെറ്റായ മാര്‍ഗ്ഗങ്ങളും സ്വീകരിച്ചു. എന്നിട്ടെവിടെയെത്തി?കഴിഞ്ഞ കാലത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പോലെയാണ് ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസെന്നും പറഞ്ഞ് രണ്ട് സ്ത്രീകളെ താരതമ്യം ചെയ്യാന്‍ പുറപ്പെട്ടില്ലേ. കഴിഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസ് പോലെയാണോ ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ്? അല്ലെന്ന് അറിഞ്ഞുകൊണ്ടല്ലേ താരതമ്യത്തിന് മുതിര്‍ന്നതെന്നും മുഖ്യമന്ത്രി ചോദിക്കുകയുണ്ടായി.
Post Your Comments