കൊല്‍ക്കത്ത: കൊല്‍ക്കത്തയെ സിലിഗുരിയുമായി ബന്ധിപ്പിക്കുന്ന ബംഗാളിലെ ദേശീയപാത 31 ഞായറാഴ്ച വൈകുന്നേരം യുദ്ധക്കളമായി മാറി. പശ്ചിമബംഗാളിലെ കാലാഗഞ്ചിലാണ് നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തമായി മാറിയത്. ഗ്രാമത്തിലെ സ്‌കൂള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാണ് ആക്രമാസക്തമായത്. കൊല്‍ക്കത്തയില്‍ നിന്ന് 500 കിലോമീറ്റര്‍ വടക്കായി ചോപ്രയിലാണ് പ്രതിഷേധം നടന്നത്.
രണ്ട് മണിക്കൂറോളം പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ശ്രമിച്ചുവെങ്കിലും കടുത്ത പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസുകാര്‍ക്ക് ലാത്തി ചാര്‍ജും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്യേണ്ടി വന്നു. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ ആരംഭിച്ച പ്രതിഷേധം മണിക്കൂറുകളോളം നീണ്ടുനിന്നു, ഇതിനിടയില്‍ മൂന്ന് ബസുകളും പോലീസ് വാഹനങ്ങളും പ്രതിഷേധക്കാര്‍ കത്തിച്ചു. വൈകുന്നേരം അഞ്ചുമണിയോടെ പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയതായി പൊലീസ് കരുതിയെങ്കിലും പ്രതിഷേധക്കാര്‍ മറ്റൊരു റോഡിലേക്ക് നീങ്ങി പോലീസുകാരെ കല്ലുകളും വടിയും ഉപയോഗിച്ച് ആക്രമിക്കാന്‍ തുടങ്ങി.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരി പറയുന്നതനുസരിച്ച്, അവള്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ വിജയിച്ചിരുന്നു. ഇന്നലെ രാത്രി കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും പ്രദേശവാസികളും തിരച്ചില്‍ നടത്തിയിരുന്നു. ഒടുവില്‍ പെണ്‍കുട്ടിയുടെ മൃതദേഹം മരത്തിനടിയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ രണ്ട് സൈക്കിളുകളും ചില മൊബൈല്‍ ഫോണുകളും പോലീസിന് കൈമാറിയിട്ടുണ്ട്.
പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ ഉടനെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ലോക്കല്‍ പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചു.
Post Your Comments