KeralaLatest NewsNews

മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് കെ.സുരേന്ദ്രന്‍ : അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രനെതിരെ ഗുരുതര ആരോപണം

തൃശൂര്‍ : എന്‍ഐഎ അന്വേഷണം സ്വന്തം ഓഫീസിലെത്തിയിട്ടും ധാര്‍മികതയുടെ പേരില്‍ രാജിവെക്കാത്ത മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ വിശ്വസ്തരായ രണ്ട് പേര്‍ ആരോപണവിധേയരായിട്ടും ഒന്നുമറിഞ്ഞില്ല എന്ന നിലപാടിലാണ് മുഖ്യമന്ത്രി. തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനാണ് എല്ലാ ഇടപാടുകളുടേയും ഇടനിലക്കാരനെന്നും ഇദ്ദേഹത്തിന്റെ ഇടപെടലുകളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളസംഘംങ്ങളുടെ കേന്ദ്രമായിരിക്കുന്നു. മുഖ്യന്റെ ഓഫീസിലെ ഒരുപാടുപേര്‍ക്ക് ഇനിയും സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ട്. തന്റെ ഓഫീസില്‍ എന്ത് നടക്കുന്നു എന്ന് പോലും അറിയാത്ത മുഖ്യമന്ത്രി എങ്ങനെയാണ് മൂന്നരക്കോടി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നത്.

പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന് എതിരെ ഗുരുതര ആരോപണം വന്നപ്പോഴും മുഖ്യമന്ത്രി ഇതേ ഒട്ടകപ്പക്ഷി നയമാണ് സ്വീകരിച്ചത്. ഇപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ അവരെ ഒഴിവാക്കാന്‍ തീരുമാനിച്ചതാണ്. പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന്റെ മറവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും മറ്റ് വകുപ്പുകളിലും നടന്ന നിയമനങ്ങള്‍ റദ്ദാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.ആരെയൊക്കെയാണ് ഇങ്ങനെ നിയമിച്ചതെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ശിവശങ്കരന്റെ നേതൃത്വത്തില്‍ ഐടി വകുപ്പ് ദുരുപയോഗം ചെയ്ത് മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനി ലാഭമുണ്ടാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണം. തങ്ങള്‍ക്ക് താത്പര്യമുള്ളവര്‍ക്ക് ലാഭമുണ്ടാക്കാനായി മാത്രമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് ശതകോടികളുടെ ലാഭമാണ് സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ക്രമക്കേടുകളെക്കുറിച്ച് അറിഞ്ഞിട്ടും പാര്‍ട്ടി നേതൃത്വം ഇടെപെടാഞ്ഞത് നേതാക്കള്‍ക്ക് പലര്‍ക്കും ഇതില്‍ പങ്കുള്ളതുകൊണ്ടാണ്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ കള്ളക്കടത്ത് മാഫിയക്ക് വേണ്ടി ദുരുപയോഗം ചെയ്ത ശിവശങ്കരനും അരുണ്‍ ബാലചന്ദ്രനും എതിരെ ക്രിമിനല്‍ കേസെടുക്കണം. മുഖ്യമന്ത്രിയുടെ രാജിയില്‍ക്കുറഞ്ഞ ഒന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, മേഖല പ്രസിഡണ്ട് വി.ഉണ്ണികൃഷ്ണന്‍,ജനറല്‍ സെക്രട്ടറി രവികുമാര്‍ ഉപ്പത്ത്,ജില്ല പ്രസിഡണ്ട് കെ.കെ. അനീഷ്‌കുമാര്‍,ജനറല്‍ സെക്രട്ടറിമാരായ കെ.ആര്‍.ഹരി,ടി.എസ്.ഉല്ലാസ് ബാബു എന്നിവരും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button