Latest NewsKeralaNews

കഴിവില്ലായ്മ മറച്ചുപിടിക്കാനുള്ള ധാര്‍ഷ്ഠ്യവും മസിലുപിടുത്തവുമാണ് പിണറായി വിജയന്റെ മുഖമുദ്ര; ഇതു മനസ്സിലാക്കിയ അവതാരമാണ് ശിവശങ്കരന്‍-വിമര്‍ശനവുമായി വി.ടി ബല്‍റാം

തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് തൃത്താല എംഎൽഎ വിടി ബൽറാം. പിണറായി വിജയൻ അറിഞ്ഞു കൊണ്ടു തന്നെയാണ് ശിവശങ്കരൻ ഈ ഫ്രോഡ് പണികളെല്ലാം നടത്തിയത് എന്നതിനാണ് സാധ്യത കൂടുതലെന്ന് ബൽറാം തുറന്നടിച്ചു. കഴിവില്ലായ്മയിൽ നിന്നുത്ഭവിക്കുന്ന അപകർഷതാബോധവും അത് മറച്ചു പിടിക്കാനുള്ള ധാർഷ്ഠ്യവും മസിലുപിടുത്തവുമാണ് പിണറായി വിജയൻ്റെ മുഖമുദ്രയെന്നും ബൽറാം ആരോപിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തനിക്ക് എന്തെങ്കിലും കാര്യങ്ങള്‍ നടത്തിയെടുക്കാനുണ്ടെങ്കില്‍ ഉടന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഒരു യോഗം വിളിച്ച് അതില്‍ വിഷയം അവതരിപ്പിക്കുകയും പിന്നീട് ആ യോഗത്തിന്റെ തീരുമാനമെന്ന നിലയില്‍ ഉത്തരവ് ഇറക്കുകയും ചെയ്യുക എന്നതാണ് ശിവശങ്കരന്റെ രീതി എന്ന് ഇപ്പോള്‍ അനുഭവസ്ഥരായ പലരും പുറത്തു പറഞ്ഞു തുടങ്ങിയിട്ടുണ്ട്. സാധാരണ ഗതിയില്‍ ഒരു ഫയല്‍ താഴെത്തട്ടില്‍ നിന്ന് ഒറിജിനേറ്റ് ചെയ്ത് വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥര്‍ കണ്ട് അഭിപ്രായം പറഞ്ഞ്, ഓരോ ഘട്ടത്തിലും തെറ്റുകുറ്റങ്ങള്‍ തിരുത്തി, അവസാനമാണ് മന്ത്രി/മുഖ്യമന്ത്രി തലത്തില്‍ ഫയല്‍ എത്തേണ്ടത്. എന്നാല്‍ ഇത്തരം പരിശോധനകളെയെല്ലാം ബൈപാസ് ചെയ്യാനാണ് മുഖ്യമന്ത്രിയേക്കൊണ്ട് നേരിട്ട് യോഗം വിളിപ്പിച്ച് തീരുമാനമെടുപ്പിക്കുന്നത്.ഇ-മൊബിലിറ്റിയുമായി ബന്ധപ്പെട്ട് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ കണ്‍സള്‍ട്ടന്റായി നിയമിക്കാന്‍ തീരുമാനിച്ചതും ഇങ്ങനെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗ തീരുമാനപ്രകാരമായിരുന്നു എന്ന് ആ ഉത്തരവില്‍ത്തന്നെ പറയുന്നുണ്ട്. ഇതിനെ വിമര്‍ശിച്ച പ്രതിപക്ഷത്തെ മുഴുവന്‍ അധിക്ഷേപിക്കുകയായിരുന്നു ഇതുവരെ സിപിഎം നേതാക്കള്‍. എന്നാല്‍ ഇപ്പോള്‍ ക്രമക്കേട് കണ്ടെത്തിയതിന്റെ പേരില്‍ പിഡബ്ല്യുസിയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതായി അറിയുന്നു.ഇവിടെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ വിവിധ വിഷയങ്ങളിലുള്ള തീരുമാനമെടുക്കല്‍ രീതി തന്നെയാണ് വിമര്‍ശന വിധേയമാകേണ്ടത്. തലതിരിഞ്ഞ തീരുമാനങ്ങള്‍ക്ക് സ്ഥിരമായി തലവെച്ചു കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ വിവരദോഷവും ഭരണകാര്യങ്ങളിലുള്ള കാര്യപ്രാപ്തിയില്ലായ്മയുമാണ്. കഴിവില്ലായ്മയില്‍ നിന്നുത്ഭവിക്കുന്ന അപകര്‍ഷതാബോധവും അത് മറച്ചു പിടിക്കാനുള്ള ധാര്‍ഷ്ഠ്യവും മസിലുപിടുത്തവുമാണ് പിണറായി വിജയന്റെ മുഖമുദ്ര.ഇതു നല്ലവണ്ണം മനസ്സിലാക്കിയ ഒരവതാരമാണ് ശിവശങ്കരന്‍. എന്നാല്‍ തിരിച്ച് സെന്‍കുമാറിന്റേയും ജേക്കബ് തോമസിന്റേയും മറ്റും കാര്യത്തില്‍ പിണറായി വിജയന് ഉണ്ടായിരുന്നു എന്ന് ആരാധകരാല്‍ പാടിപ്പുകഴ്ത്തപ്പെടുന്ന ദീര്‍ഘവീക്ഷണം ശിവശങ്കരന്റെ കാര്യത്തില്‍ അദ്ദേഹത്തിനുണ്ടായില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്ന് അനുമാനിക്കേണ്ടി വരും. ഇനി അതല്ലെങ്കില്‍ പിണറായി വിജയന്‍ അറിഞ്ഞു കൊണ്ടു തന്നെയാണ് ശിവശങ്കരന്‍ ഈ ഫ്രോഡ് പണികളെല്ലാം നടത്തിയത് എന്നു വരും. അതിനാണ് കൂടുതല്‍ സാധ്യതയും. കാരണം ഒന്നും രണ്ടുമല്ലല്ലോ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേതായി ഇപ്പോള്‍ പുറത്തു വരുന്ന തോന്ന്യാസങ്ങള്‍ !മുഖ്യമന്ത്രിയാവുന്നതിന് മുന്‍പ് പിണറായി വിജയന്‍ പല വിഷയങ്ങളേക്കുറിച്ചും സംസാരിക്കാറുള്ളത് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍പ്പോലും അദ്ദേഹം ഐടി സംബന്ധമായ ഒരു വിഷയത്തില്‍ ഒരഭിപ്രായം പറഞ്ഞതായി നമുക്കോര്‍മ്മയില്ല. ഐടി വകുപ്പുമായി ബന്ധപ്പെട്ട നിയമസഭാ ചോദ്യങ്ങള്‍ക്കും എഴുതിത്തയ്യാറാക്കി കൊണ്ടുവരുന്നതിനപ്പുറം ഒരു വാക്ക് പറയാന്‍ പിണറായി വിജയന് കഴിയാറില്ല. കൈകാര്യം ചെയ്യുന്ന എല്ലാ വകുപ്പുകളിലും മന്ത്രിമാര്‍ക്ക് അധികാരിക ജ്ഞാനവും അനുഭവസമ്പത്തും ഉണ്ടാവണമെന്ന് നിര്‍ബ്ബന്ധമില്ല. എന്നാല്‍ തനിക്ക് പ്രാഥമികജ്ഞാനം പോലുമില്ലാത്ത ഒരു വകുപ്പ് തുടക്കം മുതല്‍ പിണറായി വിജയന്‍ കൈവശം വച്ചതെന്തിനാണ് എന്ന ചോദ്യം പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായി ഉയര്‍ന്നു വരികയാണ്.ചുറ്റിലുമുള്ള മറ്റാരുടേയൊക്കെയോ സ്ഥാപിത താത്പര്യ സംരക്ഷണത്തിനായാണ് പിണറായി വിജയന്‍ ഐടി വകുപ്പ് സ്വന്തം കൈയ്യില്‍ നിലനിര്‍ത്തിയിരിക്കുന്നതും അതില്‍ ശിവശങ്കരനേപ്പോലുള്ള ഒരു പൂര്‍ണ്ണ വിശ്വസ്തനെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി കൊണ്ടു നടന്നതും. അതിന്റെ പിന്നാമ്പുറങ്ങളിലേക്കാണ് യഥാര്‍ത്ഥ അന്വേഷണം കടന്നു ചെല്ലേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button