വാഷിംഗ്ടണ്‍: കോവിഡ് മഹാമാരി ലോകമാകെ പടര്‍ന്ന് പിടിച്ചതോടെ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കെ വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നാണെന്ന് അമേരിക്ക. ഇത് സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടു. കോവിഡ് പടരാന്‍ കാരണം വുഹാനിലെ വൈറസ് ലാബിലെ മതിയായ പരിശീലനം ലഭിക്കാത്ത ഗവേഷകര്‍ക്ക് സംഭവിച്ച അബദ്ധമാണെന്നും അതിന് തങ്ങളുടെ കൈവശം വ്യക്തമായ തെളിവ് ഉണ്ടെന്ന് പ്രസിഡന്റ് ട്രംപും മറ്റ് വൈറ്റ്ഹൗസ് ഉന്നതോദ്യോഗസ്ഥരും അഭിപ്രായപ്പെട്ടിരുന്നു.
അമേരിക്കന്‍ മാദ്ധ്യമ സ്ഥാപനമായ വാഷിങ്ടണ്‍ പോസ്റ്റ് ഇത് സംബന്ധിച്ച് കോടതിയിലേക്ക് നീങ്ങി. അമേരിക്കന്‍ ഭരണകൂടം തെളിവുകള്‍ പുറത്തുവിടണം എന്നായിരുന്നു ആവശ്യം. തുടര്‍ന്ന് ഇപ്പോള്‍ 2018 മുതലുളള ഭരണകൂടത്തിന്റെ കൈവശമുളള ആഭ്യന്തര രേഖകള്‍ പുറത്ത് വിട്ടിരിക്കുകയാണ്. രേഖകളില്‍ അപകടത്തെ തുടര്‍ന്ന് വൈറസ് പുറത്തെത്തിയെന്നോ എത്തിയില്ലെന്നോ പറഞ്ഞിട്ടില്ല. അതിനുളള സാദ്ധ്യതകള്‍ മാത്രമാണ് പറയുന്നത്. എന്നാല്‍ ഈ സാദ്ധ്യത ശാസ്ത്ര ലോകം പോലും തളളിക്കളയുന്നില്ല. കാരണം വവ്വാലുകളില്‍ നിന്നും ശേഖരിച്ച കൊറോണ വൈറസുമായി കൊവിഡ് 19 പരത്തുന്ന വൈറസിന് സാമ്യമില്ല എന്നത് തന്നെ.
2018 അമേരിക്കന്‍ അധികൃതര്‍ വുഹാനിലെ ലാബ് സന്ദര്‍ശിച്ചിരുന്നു. ഗവേഷകരുടെയും ടെക്നീഷ്യന്മാരുടെയും വളരെ ഗൗരവമേറിയ കുറവ് അന്ന് ലാബിലുണ്ടായിരുന്നു. മൃഗങ്ങളിലെ സാര്‍സ് വൈറസുകളെ കുറിച്ച് അവര്‍ പഠനം നടത്തിയിരുന്നു എന്നാല്‍ മനുഷ്യനിലെ സാര്‍സ് കൊറോണ വൈറസുകളെ കുറിച്ച് പഠിക്കാന്‍ ഉന്നത കമ്മീഷന്റെ വ്യക്തമായ അനുമതി വേണമായിരുന്നു. എന്നാല്‍ രേഖകളുടെ കണ്ടെത്തലുകളെ സര്‍വകലാശാല വിദഗ്ധര്‍ തളളിക്കളയുന്നു. അമേരിക്കയിലെ ഇന്റലിജന്‍സ് ഡയറക്ടര്‍ ഓഫീസ് തളളിക്കളയുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. രോഗം പടരാന്‍ കാരണം മൃഗങ്ങളില്‍ നിന്നും പടര്‍ന്നതാണോ വുഹാനിലെ ലാബില്‍ നിന്നും വന്നതാണോ എന്നത് ഓഫീസ് പരിശോധിക്കുന്നേയുളളൂ എന്നാണ് അറിവ്.
Post Your Comments