തിരുവനന്തപുരം: തിരുവനന്തപുരത്ത് രാമചന്ദ്രനിലെ നിരവധി ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആ സമയങ്ങളില്‍ പോയവര്‍ സ്വമേധയാ മുന്നോട്ട് വന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയരാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 91 ജീവനക്കാരെ പരിശോധിച്ചതില്‍ 61 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് അതേ സ്ഥാപനത്തിലെ 81 സാമ്പിളുകള്‍ ടെസ്റ്റ് ചെയ്തതില്‍ 17 എണ്ണം പോസിറ്റീവാണ്. ഈ സ്ഥാപനത്തിലെ ജീവനക്കാരുടെ ഫലം ഇനിയും വരാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ദിവസേന നൂറുകണക്കിന് പേരാണ് ഈ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്നുപോകുന്നത്. തലസ്ഥാനനഗരിയില്‍ ഉള്ള ആളുകളായിരിക്കും ഈ കടയില്‍ പോയിട്ടുണ്ടാവുക. കടയില്‍ എത്തിയവരില്‍ ആര്‍ക്കൊക്കെ രോഗബാധ ഉണ്ടായി എന്ന് പരിശോധനയിലൂടെ മാത്രമേ മനസിലാക്കാന്‍ സാധിക്കുള്ളൂ. ഇവരെ കണ്ടെത്തി കോവിഡ് പരിശോധന നടത്തുക എന്നതുതന്നെ ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അതുകൊണ്ട് ഈ ദിവസങ്ങളില്‍ ഈ കടയില്‍ പോയി തുണിത്തരങ്ങള്‍ വാങ്ങിയവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം. ആ കടയില്‍ പോയ ആളാണ് താന്‍ എന്ന് പറയാനുള്ള മനസ് ആളുകള്‍ കാണിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments