കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോവിഡ് സ്ഥിതി മോശമാകുന്ന പശ്ചാത്തലത്തില്‍ ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. സര്‍ക്കാര്‍ ദൈവമോ മായാജാലക്കാരനോ അല്ലെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും മമത പറഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പതിനായിരം വെന്റിലേറ്റര്‍ ലഭിക്കുമെന്നും അതുപോലെ ഓക്‌സിജന്‍ സിലിണ്ടറുകളും സൗജന്യമരുന്നുകളും പിപിഇ കിറ്റുകളും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒന്നും കിട്ടിയിട്ടില്ല. ശൂന്യമായ കൈകളുമായിട്ടാണ് തങ്ങള്‍ ജോലി ചെയ്യുന്നതെന്നും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മമത ബാനര്‍ജി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുകയാണ്. 1690 പേരാണ് പുതിയതായി കോവിഡ് ബാധിതരായിരിക്കുന്നത്. 23 പേര്‍ മരിച്ചു. കോവിഡ് മുക്തരാകുന്നവരുടെ നിരക്ക് എണ്ണം 60 ശതമാനത്തില്‍ നിന്ന് 59.29 ശതമാനത്തിലേക്ക് താഴ്ന്നു. ഈ ഒരു സാഹചര്യത്തില്‍ ജനങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്നും മമത ബാനര്‍ജി സഹകരണം ആവശ്യപ്പെട്ടു. ജൂലൈ 31 വരെ പശ്ചിമബംഗാളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
കൈയടിക്കുകയും ചെണ്ട കൊട്ടുകയും വിസിലടിക്കുകയും മാത്രം മതിയോ എന്നും കൂടുതല്‍ കാലം ഇങ്ങനെ മുന്നോട്ട് പോകാന്‍ എങ്ങനെ സാധിക്കുമെന്നും മമത ചോദിച്ചു. വളരെ ഖേദത്തോട് കൂടിയാണ് ഞാനിത് പറയുന്നത്. എല്ലാ സര്‍ക്കാരിനും പരിമിതികളുണ്ട്. സര്‍ക്കാര്‍ ദൈവമല്ല. മായാജാലക്കാരനുമല്ല. എന്നാല്‍ സൗജന്യ റേഷന്‍ നല്‍കുകയും സ്‌കോളര്‍ഷിപ്പിനും വിവാഹത്തിനും പെന്‍ഷനും പണം നല്‍കുന്ന ചെയ്യുന്ന സര്‍ക്കാരാണിത്. ഇതില്‍ കൂടുതല്‍ എന്ത് ചെയ്യാന്‍ സാധിക്കും. അതിനാല്‍ കോവിഡിനോട് പൊരുതാന്‍ ജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നും മമത കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊല്‍ക്കത്തയില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഭക്ഷണം വൈകിയതിനെ തുടര്‍ന്ന് അന്തേവാസികള്‍ പ്രതിഷേധിച്ച സംഭവവും സുഖം പ്രാപിച്ചിട്ടും ഹോസ്പിറ്റലില്‍ നിന്ന് പോകാന്‍ രോഗികള്‍ കൂട്ടാക്കാത്ത സംഭവവും രമമത പരാമര്‍ശിച്ചു. ഇത്തരം സംഭവങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും ആളുകള്‍ സംയമനം പാലിക്കണമെന്നും അടുത്ത ദിവസം മുതല്‍ അമ്പത് ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രം ഓഫീസുകളിലെത്തിയാല്‍ മതിയെന്നും മമത ബാനര്‍ജി പറഞ്ഞു.
Post Your Comments