ദുബായ് : യുഎഇയില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി യുഎഇ മന്ത്രാലയം. യുഎഇയില്‍ തിരിച്ചെത്തുന്ന താമസ വീസക്കാര്‍ ക്വാറന്റീന്‍ നിയമം ലംഘിച്ചാല്‍ 10 ലക്ഷത്തിലേറെ രൂപ (അരലക്ഷം ദിര്‍ഹം) പിഴയൊടുക്കേണ്ടി വരുമെന്ന് ദേശീയ അടിയന്തര നിവാരണ വിഭാഗം അറിയിച്ചു. മന്ത്രിസഭാ തീരുമാനം നമ്പര്‍ 17 /2020 പ്രകാരമാണ് നിയമം പ്രാബല്യത്തില്‍ വന്നത്. വീടുകളില്‍ ക്വാറന്റീന്‍ കഴിയേണ്ടതു സംബന്ധിച്ച നിയമാവലികള്‍ കര്‍ശനമായി പാലിക്കണം. ആരോഗ്യ നിബന്ധനകളനുസരിച്ചുള്ള നടപടികള്‍ അനുസരിക്കാത്തവര്‍ക്കെതിരെയും പിഴ ചുമത്തും.
14 ദിവസമാണ് ക്വാറന്റീനിലിരിക്കേണ്ടത്. കോവിഡ് വ്യാപനം കുറവുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ 7 മുതല്‍ 14 ദിവസം വരെ ക്വാറന്റീന്‍ ചെയ്താലും മതിയാകും. വീടുകളിലായാലും അധികൃതര്‍ നിര്‍ദേശിക്കുന്ന ക്വാറന്റീന്‍ കേന്ദ്രത്തിലായാലും ഇതിനുള്ള ചെലവു അവരവര്‍ തന്നെ വഹിക്കേണ്ടതാണ്. ചില പ്രത്യേക സാഹചര്യങ്ങളില്‍, വരുന്നവരുടെ ക്വാറന്റീന്‍ ചെലവുകള്‍ അയാള്‍ ജോലി ചെയ്യുന്ന കമ്പനികളും വഹിക്കണം.
യുഎഇയിലേയ്ക്ക് തിരിച്ചെത്തുന്നവരെല്ലാം അംഗീകൃത ലബോറട്ടറികളില്‍ നിന്ന് കോവിഡ് -19 നെഗറ്റീവാണെന്ന സര്‍ടിഫിക്കറ്റ് കരസ്ഥമാക്കണം. ലോകത്തെ 17 രാജ്യങ്ങളിലെ 106 നഗരങ്ങളില്‍ അംഗീകൃത ലബോറട്ടറികളെ തിരിഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് വരുന്നവര്‍ സര്‍ക്കാര്‍ അംഗീകരിച്ച ലാബില്‍ നിന്ന് പിസിആര്‍ ടെസ്റ്റ് ചെയ്ത് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇത് യാത്രയ്ക്ക് 96 മണിക്കൂറിനുള്ളില്‍ ഉള്ളതും ആയിരിക്കണം.
യുഎഇയില്‍ തിരിച്ചെത്തുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ സൗജന്യ അല്‍ ഹൊസന്‍ ആപ്പ് (Al Hons app) ഡൗണ്‍ലോഡ് ചെയ്തിരിക്കണം. പൊതുസുരക്ഷ മാനിച്ച് ക്വാറന്റീനിലിരിക്കുന്നവരുടെ ചലനങ്ങള്‍ അധികൃതര്‍ക്ക് മനസിലാക്കുന്നതിന് വേണ്ടിയാണ്.
Post Your Comments