തിരുവനന്തപുരം : യുഎഇ കോൺസുലേറ്റിന്റെ ചെലവിൽ കൺസ്യൂമർഫെഡിൽ നിന്നു 1000 കിറ്റുകൾ സംഘടിപ്പിച്ച് 2 പഞ്ചായത്തുകളിൽ വിതരണം ചെയ്തെന്നും അതിനാണു താൻ സ്വപ്ന സുരേഷിനെ വിളിച്ചതെന്നുമാണു കഴിഞ്ഞ ദിവസം ജലീൽ വെളിപ്പെടുത്തിയത്. എന്നാൽ യുഎഇ കോൺസുലേറ്റ് വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റ് ആവശ്യപ്പെട്ടു മന്ത്രി കെ.ടി. ജലീൽ അങ്ങോട്ടു വിളിച്ചെങ്കിൽ അതു വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രോട്ടോക്കോളിന്റെ ലംഘനമാണ്.
വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ ഹാൻഡ്ബുക്കിന്റെ 18–ാം അധ്യായത്തിൽ, വിദേശ രാജ്യങ്ങളുടെ കാര്യാലയങ്ങൾ താൽക്കാലിക വിഷയങ്ങൾക്കപ്പുറമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാർ അധികൃതരുമായി ബന്ധം സ്ഥാപിക്കാൻ പാടില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.
അടുത്ത അധ്യായത്തിലും നിയന്ത്രണങ്ങൾ വിശദീകരിക്കുന്നു. സാമ്പത്തിക സഹായം നൽകുന്നുണ്ടെങ്കിൽ ഫോറിൻ കറൻസി റഗുലേഷൻ ആക്ടിനു വിധേയമായിരിക്കണം. ഇക്കാര്യം വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ച് അനുമതി വാങ്ങണം. വ്യക്തിപരമായി വിളിച്ചു സാധനങ്ങൾ ആവശ്യപ്പെടുന്നത് പ്രോട്ടോക്കോൾ ലംഘനമാണെന്നും പറയുന്നു.
വിദേശ രാജ്യങ്ങളുടെ കാര്യാലയങ്ങളിൽ പ്രവർത്തിക്കുന്നവരുമായി ഇടപെടുന്ന കാര്യത്തിൽ മന്ത്രിമാർക്കും ഉന്നതോദ്യോഗസ്ഥർക്കും പെരുമാറ്റച്ചട്ടം നിലവിലുണ്ട്. ഇതെല്ലാം പാലിച്ചാണോ ജലീൽ സ്വപ്ന സുരേഷുമായും കോൺസുലേറ്റുമായും ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കേണ്ടി വരും.
Post Your Comments