തിരുവനന്തപുരം • മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി വകുപ്പ് സെക്രട്ടറിയുമായ എം.ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഒരു ഗത്യന്തരവുമില്ലാതെയാണ് ശിവശങ്കറിനെ സസ്പെന്റ് ചെയ്തതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. രക്ഷിക്കാനുള്ള എല്ലാ ശ്രമവും വിഫലമായപ്പോഴാണ് ഇപ്പോൾ ഈ നടപടി. ഇതുകൊണ്ടൊന്നും മുഖ്യമന്ത്രിയുടെ മേൽ പതിച്ച കളങ്കം കഴുകിക്കളയാനാവില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
തെളിവ് ലഭിക്കാതെ ശിവശങ്കരനെതിരെ നടപടിയെടുക്കാനാകില്ലെന്നാണ് പിണറായി ഇതുവരെ പറഞ്ഞിരുന്നത്. കസ്റ്റംസ് പത്തുമണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടും ശിവശങ്കരന്‍ കുറ്റക്കാരനല്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. രാജ്യദ്രോഹ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അകത്താകുമെന്ന ഘട്ടത്തിലെത്തിയപ്പോഴും അദ്ദേഹത്തെ സംരക്ഷിക്കാനായിരുന്നു ശ്രമം. ഇതെല്ലാം വ്യക്തമാക്കുന്നത് മുഖ്യമന്ത്രിക്കും പലതും ഭയക്കാനുണ്ടെന്നാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലക്കാരനായിരുന്നുകൊണ്ട് കള്ളക്കടത്തിനും രാജ്യദ്രോഹത്തിനും അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ കൂട്ടു നിന്നെന്ന ആക്ഷേപം വരുമ്പോള്‍ പ്രതിയാക്കപ്പെടുന്നത് സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസാണ്. താനിതൊന്നും അറിഞ്ഞതല്ലെന്നും അന്വേഷണം വരട്ടെയെന്നുമുള്ള പിണറായിയുടെ നിലപാട് ജനങ്ങളെ പറ്റിക്കാനാണ്. താനറിയാതെ തന്റെ ഓഫീസില്‍ ഒന്നും നടക്കില്ലെന്ന് വീമ്പുപറയുമ്പോള്‍ ശിവശങ്കരന്‍ ആ ഓഫീസിലിരുന്ന് കള്ളക്കടത്തുകാര്‍ക്ക് കൂട്ടുനിന്നെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. ഒരു നിമിഷം പോലും പിണറായി വിജയന് മുഖ്യമന്ത്രിക്കസേരയില്‍ തുടരാന്‍ അര്‍ഹതയില്ല. അന്തസ്സുണ്ടെങ്കില്‍ രാജിവച്ച് പുറത്തുപോകണമെന്ന് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
അന്വേഷണ വിധേയമായാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വിവരം പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ചീഫ് സെക്രട്ടറിതല സമിതി ഇന്ന് വൈകുന്നേരം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സര്‍വീസിന് നിരക്കാത്ത പ്രവര്‍ത്തനം ശിവശങ്കറിന്റെ ഭാഗത്ത് നിന്നുണ്ടായും അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങളുടെ ലംഘനം നടന്നതായും സമിതി കണ്ടെത്തി. സംഭവത്തില്‍ വകുപ്പുതല അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments