ദില്ലി: തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി. അന്വേഷണ ഏജന്‍സികളുടെ ആവശ്യപ്രകാരമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. ഈ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ബ്യൂറോ ഓഫ് എമിഗ്രേഷനെയും അറിയിച്ചു. ഫൈസല്‍ ഫരീദിനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി.
ഇപ്പോള്‍ യുഎഇയില്‍ കഴിയുന്ന ഇയാള്‍ സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണികളിലൊരാളാണെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു. പാസ്‌പോര്‍ട്ട് റദ്ദാക്കിയതോടെ ഫൈസല്‍ ഫരീദിന് യു.എ.ഇയില്‍ പോലും സഞ്ചരിക്കാന്‍ ബുദ്ധിമുട്ടാകും. യു.എ.ഇയില്‍ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടന്നുകളയാനുള്ള സാധ്യതയും അടയും. കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയായ ഫൈസല്‍ ഫരീദാണ് നയതന്ത്ര ബാഗേജ് എന്ന പേരില്‍ സ്വര്‍ണം അയച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
അതേസമയം കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ രാജ്യംവിട്ട അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കത്തിനോട് യുഎഇ പ്രതികരിച്ചിട്ടില്ലെന്നാണ് വിദേശകാര്യ വൃത്തങ്ങള്‍ അറിയിക്കുന്നത്. അറ്റാഷെയുടേ പേരില്‍ വന്ന നയതന്ത്ര ബാഗിലാണ് സ്വര്‍ണമെത്തിയത്. ബാഗ് ഒരു കാരണവശാലും തുറക്കരുതെന്ന് അറ്റാഷെ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
Post Your Comments