തൃശ്ശൂർ : പ്ലസ് ടു പരീക്ഷാഫലം വന്ന ബുധനാഴ്ച അധ്യാപകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും വലച്ച് വ്യാജ വെബ്സൈറ്റ് ലിങ്കുകൾ. റിസൾട്ട് വരുന്നതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ സോഷ്യൽ മീഡിയിലൂടെയും ഗ്രൂപ്പുകളിലും മറ്റും ഫലമറിയാനുള്ള വെബ്സൈറ്റുകളുടെ ലിങ്കുകൾ പരക്കെ പ്രചരിച്ചിരുന്നു.
ഇതിൽ കേരളപരീക്ഷഭവന്റെ പേരിൽ വ്യാജമായി നിർമിച്ച സൈറ്റിന്റെ ലിങ്കും ചേർത്തിരുന്നു. സ്പെല്ലിങ്ങിൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്ത രീതിയിൽ മാറ്റം വരുത്തിയതാണ് വ്യാജ വെബ്സൈറ്റിന്റെ ലിങ്കും പ്രചരിച്ചിരുന്നത്. ഇതറിയാതെ അധ്യാപകരടക്കം ഈ സന്ദേശങ്ങൾ പങ്കുവെച്ചു. പലരും വാട്സാപ്പ് സ്റ്റാറ്റസായി സന്ദേശം സെറ്റു ചെയ്യുക വരെ ചെയ്തു.
എന്നാൽ ബുധനാഴ്ച റിസൾട്ട് പ്രഖ്യാപനത്തിനുശേഷം ഫലമറിയാനായി ലിങ്ക് തുറന്നപ്പോഴാണ് പലരും ഞെട്ടിയത്. വിദ്യാർഥികളും രക്ഷിതാക്കളും ഒന്നിച്ചിരുന്നാണ് പലയിടങ്ങളിലും റിസൾട്ട് നോക്കിയത്. അശ്ലീലസൈറ്റ് കണ്ടതോടെ പലരും തങ്ങളെ വിളിച്ച് പരാതി പറഞ്ഞതായി ചതിയറിയാതെ സൈറ്റ് വിലാസം പങ്കുവെച്ച അധ്യാപകരിലൊരാൾ പറഞ്ഞു. എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രഖ്യാപിച്ച സമയത്തും ഇത്തരം തട്ടിപ്പ് നടന്നിരുന്നതായും സൈബർ പോലീസ് അധികൃതർ പറഞ്ഞു. ഇക്കാര്യം കോഴിക്കോട് സൈബർ ഡോമിൽ ചർച്ച ചെയ്തതായും അവർ വ്യക്തമാക്കി.
Post Your Comments