KeralaLatest NewsNews

സ്വർണക്കടത്ത് കേസിൽ അന്വേഷണം നടക്കുമ്പോഴും തിരുവനന്തപുരം വിമാനത്താവളം വഴി ഒന്നരക്കിലോ സ്വർണവുമായി നാലു സ്ത്രീകളടക്കം ആറുപേർ പിടിയിൽ

തിരുവനന്തപുരം :വിമാനത്താവളം വഴി നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ അന്വേഷണങ്ങൾ നടക്കുമ്പോഴും തിരുവനന്തപുരം വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താൻ ശ്രമിച്ച ഒന്നരക്കിലോ സ്വർണം പിടികൂടി. കുഴമ്പുരൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിലും നാപ്കിനിലുമായി ഒളിപ്പിച്ചുകടത്താനാണ് ഇവർ ശ്രമിച്ചത്. സംഭവത്തിൽ നാലു സ്ത്രീകളടക്കം ആറുപേരെ തിങ്കളാഴ്ച രാത്രി വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതർ പിടികൂടി.

ചെന്നൈ സ്വദേശിനി സ്വപ്ന ബെനമായ, ഈറോഡ് സ്വദേശിനി പ്രിയാകുമാർ, തിരുവള്ളൂർ സ്വദേശിനി അകല്യ അൻപകലകം, വിശാഖപട്ടണം സ്വദേശിനി വിജയലക്ഷ്മി ദാർള, നാഗപട്ടണം സ്വദേശി മുഹമ്മദ് മാർവാൻ, ചെന്നൈ ടി.നഗർ സ്വദേശി ആന്റണി സത്യരാജ് എന്നിവരാണ് പിടിയിലായത്.

തിങ്കളാഴ്ച രാത്രി ഒൻപതോടെ റാസൽഖൈമയിൽനിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരാണിവർ. തമിഴ്നാട്ടുകാരായ ഇവർ തിരുവനന്തപുരത്ത് വിമാനമിറങ്ങിയതിനെക്കുറിച്ച് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ എസ്.ബി.അനിൽ ചോദ്യംചെയ്തു. തുടർന്നാണ് അടിവസ്ത്രത്തിലെ നാപ്കിനിൽ ഒളിപ്പിച്ചിരുന്ന സ്വർണത്തെക്കുറിച്ച് സ്ത്രീകൾ വെളിപ്പെടുത്തിയത്. പുരുഷന്മാർ അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറയുണ്ടാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.

സ്വർണം പൊടിച്ച് തരികളാക്കി പ്രോട്ടീൻ പൗഡറും മറ്റു രാസവസ്തുക്കളുമായി കൂട്ടിയോജിപ്പിച്ചാണ് കുഴമ്പുരൂപത്തിലാക്കിയിരുന്നത്. രണ്ട് കിലോയോളമുണ്ടായിരുന്ന കുഴമ്പ് ഉരുക്കിയാണ് ഒന്നരക്കിലോ സ്വർണം വേർപെടുത്തിയെടുത്തതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. പിടികൂടിയ സ്വർണത്തിന് 75 ലക്ഷം രൂപ വില വരുമെന്നും അവർ അറിയിച്ചു. സൂപ്രണ്ടുമാരായ ജി.സുധീർ, ആർ.ബൈജു, പി.രാമചന്ദ്രൻ, യു.പുഷ്പ, രാജീവ് രഞ്ജൻ, ഇൻസ്പെക്ടർമാരായ ബാൽ മുകുന്ദ്, രാംകുമാർ സുധാങ്ഷു, ഹവിൽദാർ എസ്.ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പരിശോധിച്ച് സ്വർണം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button