Latest NewsKeralaNews

സ്വർണക്കടത്തിന് പിന്നിൽ തീവ്ര വർഗീയ സംഘടനകൾ; ക്യാരിയർമാരായി സ്ത്രീകളെയും കുട്ടികളെയും റിക്രൂട്ട് ചെയ്യുന്നതിന് പിന്നിൽ പുത്തൻകുരിശ് സ്വദേശിയായ സ്ത്രീ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്തിന് പിന്നിൽ തീവ്ര വർഗീയ സംഘടനകളെന്ന റിപ്പോർട്ടുമായി സംസ്ഥാന പൊലീസ്. സ്വർണക്കടത്തിന് പിന്നിൽ ക്യാരിയർമാരായി സ്ത്രീകളെയും കുട്ടികളെയും റിക്രൂട്ട് ചെയ്യുന്നതിന് പിന്നിൽ പുത്തൻകുരിശ് സ്വദേശിയായ സ്ത്രീയാണെന്നും പൊലീസ് എൻഐഎയ്ക്ക് നൽകിയ റിപ്പോർട്ടിലുണ്ട്. ക്യാരിയർമാരെ തീരുമാനിക്കുന്ന വടകര സ്വദേശിയായ ഏജന്‍റിന് ഒരു തീവ്ര ഇടത് സംഘടനയുമായും ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ടിന്‍റെ ഉള്ളടക്കം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.കേരളത്തിൽ സ്വർണ്ണക്കടത്ത് കേസിൽ സജീവമായ മുന്നൂറിലധികം പേരുടെ പട്ടിക എൻഐഎയ്ക്ക് പൊലീസ് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി സംസ്ഥാനപൊലീസ് കള്ളക്കടത്തുകാരെക്കുറിച്ച് കണ്ടെത്തിയ വിവരങ്ങളെല്ലാം ക്രോഡീകരിച്ച് നടത്തിയ കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. തീവ്രവാദ പ്രവർത്തനത്തിനാണ് കടത്തിക്കൊണ്ടുവരുന്ന സ്വർണം ഉപയോഗിക്കുന്നതെന്ന എൻഐഎയുടെ നിഗമനത്തെ ശരിവയ്ക്കുന്നതാണ് സംസ്ഥാനപൊലീസിന്‍റെ റിപ്പോർട്ടും. സ്വർണക്കടത്ത് പ്രധാനമായും കരിപ്പൂർ വിമാനത്താവളം വഴിയാണ് നടത്തുന്നത്.

കഴിഞ്ഞ ഒരു വർഷം മാത്രം കോഴിക്കോട്ടെ കൊടുവള്ളി കേന്ദ്രീകരിച്ച് നടന്നത് ഏതാണ്ട് 100 കിലോ സ്വർണക്കടത്താണ് നടന്നതെന്നാണ് പൊലീസ് നിഗമനം. ഏതാണ്ട് 1000 കോടി രൂപയുടെ ഹവാല ഇടപാടും നടന്നു. ഈ സ്വർണവും പണവും കൃത്യമായി കൈമാറപ്പെടുന്നതും, എവിടെ നിന്ന്, എങ്ങോട്ട് കൊണ്ടുപോകണം എന്നതെല്ലാം കൃത്യമായി ആലോചിച്ചുറപ്പിയ്ക്കുന്ന കേന്ദ്രം കൊടുവള്ളിയാണ്.

ക്യാരിയർമാരായി സ്ത്രീകളെയും കുട്ടികളെയും വരെ ഉപയോഗിക്കുന്നു എന്നതാണ് ഈ റിപ്പോർട്ടിലെ ഏറ്റവും ഞെട്ടിക്കുന്ന ഉള്ളടക്കം. ഇങ്ങനെ സ്ത്രീകളെയും കുട്ടികളെയും ക്യാരിയർമാരായി റിക്രൂട്ട് ചെയ്യുന്നവരുടെ പേരുവിവരങ്ങളടക്കം സംസ്ഥാനപൊലീസ് എൻഐഎയ്ക്ക് കൈമാറിയിട്ടുണ്ട്. പുത്തൻകുരിശ് സ്വദേശിയായ സ്ത്രീയാണ് ക്യാരിയർമാരായി സ്ത്രീകളെ കണ്ടെത്തി റിക്രൂട്ട് ചെയ്യുന്നത്. ഇത്തരം ഏജന്‍റുമാരുടെ കയ്യിലൂടെ മറിയുന്നത് കോടിക്കണക്കിന് രൂപയാണ്. വടകര സ്വദേശിയായ ഒരു ഏജന്‍റാണ് ക്യാരിയർമാരെ തീരുമാനിക്കുന്നത്. ഇയാൾക്ക് ഒരു തീവ്ര ഇടത് സംഘടനയുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്.

സ്വർണക്കടത്തിൽ നേരത്തെ പിടിയിലായവർ, ഇവരുമായി ബന്ധമുളളവർ എന്നിവരെക്കുറിച്ച് കേരളാ പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച വിവരങ്ങളാണ് എൻഐഎക്ക് കൈമാറിയത്. നയതന്ത്രബാഗിലെ സ്വർണക്കടത്തിന്‍റെ അന്വേഷണത്തിനൊപ്പം വിമാനത്താവളങ്ങൾ വഴി നടന്ന വൻ സ്വർണവേട്ടകളെ കുറിച്ചും ദേശീയ അന്വേഷണ ഏജൻസി പരിശോധിക്കുന്നുണ്ട്.

പല അന്വേഷണങ്ങളും ചില ക്യാരിയർമാരിലും ഇടനിലക്കാരിലും അവസാനിച്ചതല്ലാതെ മുന്നോട്ട് പോയിട്ടില്ല. സംഗീത സംവിധായകൻ ബാലഭാലസ്കറിന്‍റെ സഹായികൾ പ്രതികളായ സ്വർണക്കടത്ത് കേസിന്‍റെ അന്വേഷണവും എവിടെയുമെത്തിയിട്ടില്ല. ഇവയെല്ലാം എൻഐഎ പരിശോധിക്കുന്നുണ്ടെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button