മുംബൈ: ഇന്ത്യയുടെ ഡിജിറ്റല്‍ സാമ്പത്തികരംഗത്തെ ത്വരിതപ്പെടുത്താന്‍ 10 ബില്ല്യണ്‍ ഡോളര്‍ (75,000 കോടി രൂപ) നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചൈ. അഞ്ചു മുതല്‍ ഏഴ് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപമാണ് ഗൂഗിള്‍ നടത്തുകയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ ഇന്ത്യ എന്ന ആശയത്തെ പിന്തുണയ്ക്കുന്നതില്‍ അഭിമാനം കൊളളുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുന്ദര്‍ പിച്ചൈയും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം ഫലവത്തായ ചര്‍ച്ചകള്‍ കൂടിക്കാഴ്ചയില്‍ ഉണ്ടായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
നിക്ഷേപം, പങ്കാളിത്തം, അടിസ്ഥാനസൗകര്യവികസനം എന്നീ മേഖലകളിലാവും ഈ തുക ചെലവഴിക്കുക. ഇന്ത്യയുടെ ഡിജിറ്റല്‍ വളര്‍ച്ചയില്‍ നിര്‍ണായകമായ നാലു മേഖലകള്‍ കേന്ദ്രീകരിച്ച് നിക്ഷേപം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഗൂഗിളിന്റെ പ്രസ്താവനയില്‍ പറയുന്നു. ജനങ്ങള്‍ക്ക് അവരവരുടെ ഭാഷകളില്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുക എന്നതാണ് ഇതില്‍ പ്രധാനമായ ഉദ്ദേശ്യം. പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുക എന്നതാണ് അടുത്തത്. ഡിജിറ്റല്‍ പരിഷ്‌കാരത്തിന് ബിസിനസിനെ കൂടുതല്‍ ശക്തിപ്പെടുത്തുക, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി സാമൂഹ്യ പ്രാധാന്യമുളള മേഖലകളില്‍ സാങ്കേതിക വിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുടെ സാധ്യത പ്രയോജനപ്പെടുത്തുക എന്നിവയാണ് മറ്റ് മേഖലകളെന്നും ഗൂഗിൾ വ്യക്തമാക്കുന്നു.
Post Your Comments