തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസമാണ് നാന്നൂറിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ സമ്പർക്കത്തിലൂടെയുള്ള രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ പ്രത്യേക ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. ഇവിടങ്ങളില്‍ കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
ഈ പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം. ഇതുവരെ സംസ്ഥാനത്ത് 51 ക്ലസ്റ്ററുകള്‍ രൂപപ്പെട്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. കടലോര മേഖലകള്‍, ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍, ആലപ്പുഴ ഐടിബിപി ക്യാമ്പ്, കണ്ണൂര്‍ സിഐഎസ്എഫ്, ഡിഎസ്‌സി ക്യാമ്പുകള്‍ തുടങ്ങിയ ഇടങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കണമെന്നും ആരോഗ്യവകുപ്പ് പറയുന്നു.
തിരുവനന്തപുരം പൂന്തുറ, മലപ്പുറം പൊന്നാനി എന്നിവ മാത്രമാണ് വലിയ ക്ലസ്റ്ററുകള്‍. ഇവിടങ്ങളില്‍ സമ്പര്‍ക്കത്തിലൂടെ അമ്പതിലധികം പേര്‍ക്ക് രോഗപ്പകര്‍ച്ചയുണ്ടായി. 15 ക്ലസ്റ്ററുകളില്‍ രോഗം നിയന്ത്രണ വിധേയമാണ് എന്നും ആരോഗ്യവകുപ്പിന്റെ കോവിഡ് ക്ലസ്റ്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരത്ത് പൂന്തുറ, ആറ്റുകാല്‍, പുത്തന്‍പള്ളി, മണക്കാട്, മുട്ടത്തറ, പാളയം എന്നിവിടങ്ങളിലായി ആറ് ക്ലസ്റ്റര്‍ രൂപപ്പെട്ടു. കൊല്ലത്ത് 11, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നാലുവീതം, മലപ്പുറത്ത് മൂന്ന്, കോട്ടയം, ഇടുക്കി, കണ്ണൂര്‍, വയനാട് ജില്ലകളില്‍ രണ്ടുവീതം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഒന്നുവീതം ക്ലസ്റ്ററുകളാണ് രൂപപ്പെട്ടത്. തൃശൂരില്‍ അഞ്ച് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടു.
Post Your Comments