റായ്പുര്‍: ബിസ്‌കറ്റും 200 രൂപയും മോഷ്ടിച്ചെന്നാരോപിച്ച് ഏഴു വയസുകാരനെ കടയുടമ മര്‍ദ്ദിച്ച് മരത്തില്‍ കെട്ടിയിട്ടു. ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 350 കിലോമീറ്റര്‍ വടക്കുകിഴക്കായി ജഷ്പൂര്‍ ജില്ലയിലെ കോട്ട്ബയിലാണ് സംഭവം. കുട്ടിയെ മര്‍ദ്ദിച്ച കട ഉടമ അറസ്റ്റിലായി. രാമേശ്വര്‍ ദാദ്സേന എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബിസ്‌ക്കറ്റ് വാങ്ങാന്‍ വന്ന കുട്ടി കടയില്‍ നിന്ന് 200 രൂപ മോഷ്ടിച്ചുവെന്ന് കടയുടമ ആരോപിച്ചു. എന്നാല്‍ പണം എടുത്തില്ലെന്ന് കുട്ടി പറഞ്ഞപ്പോള്‍ കടയുടമ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് ഒരു മരത്തില്‍ കെട്ടിയിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവം അറിഞ്ഞ് കുഞ്ഞിന്റെ മാതാപിതാക്കള്‍ സ്ഥലത്തെത്തുകയും 200 രൂപ നല്‍കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കടയുടമ കുട്ടിയെ കെട്ടഴിച്ചുവിട്ടത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതിയും നല്‍കി.
കുട്ടിയെ മരത്തില്‍ കെട്ടിയിട്ടതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കടയില്‍ നിന്ന് സാധനങ്ങളും പണവും മോഷ്ടിച്ച കുട്ടി, ഓടി പോകുകയായിരുന്നുവെന്നാണ് കടയുടമയുടെ വാദം. എന്നാല്‍ മാതാപിതാക്കള്‍ ഇത് തള്ളി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും അന്വേഷണം ആരംഭിച്ചതായും ജാഷ്പൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് ബാലാജി റാവു അറിയിച്ചു.
Post Your Comments