KeralaLatest NewsNews

കേരളത്തിലെത്തുമ്പോള്‍ സ്വര്‍ണ്ണത്തിന്റെ നിറം ചുവപ്പായി മാറുന്നു : സ്വര്‍ണ്ണക്കള്ളക്കടത്തില്‍ പ്രതികളാരും രക്ഷപ്പെടാന്‍ അനുവദിക്കില്ല: ജെ.പി. നദ്ദ

കാസര്‍കോട് • സ്വര്‍ണ്ണക്കള്ളക്കടത്തിലെ പ്രതികളാരും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ. എല്ലാ പഴുതുകളും അടച്ചുള്ള അന്വേഷണമാണ് എന്‍ഐഎ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റി ഓഫീസായ ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി മന്ദിര ഉദ്ഘാടനം വെര്‍ച്ച്യല്‍ റാലിയിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകം മുഴുവന്‍ മഞ്ഞനിറത്തിലുള്ള സ്വര്‍ണ്ണത്തിന് കേരളത്തിലെത്തുമ്പോള്‍ നിറം ചുവപ്പാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ജെ.പി.നദ്ദ പറഞ്ഞു. പത്തായത്തില്‍ കള്ളനെ ഒളിപ്പിച്ച് അയല്‍ വീടുകളില്‍ കള്ളനെ തിരയാന്‍ ആവശ്യപ്പെടുന്നതിന് സമാനമാണ് സ്വര്‍ണ്ണ കള്ളക്കടത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സമീപനം. സ്വര്‍ണ്ണക്കള്ളക്കടത്തുകാരെ ഒരുഭാഗത്ത് സംരക്ഷിക്കുമ്പോള്‍ തന്നെ മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതിലൂടെ സ്വയം അപഹാസ്യനായിരിക്കുകയാണ് മുഖ്യമന്ത്രി.

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആകെ പാളിയിരിക്കുകയാണ്. ലോകമെമ്പാടും കോവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ പ്രവാസികള്‍ക്കായി 1.5 ലക്ഷം കിടക്കകള്‍ തയ്യാറെണെന്ന് കൊട്ടിഘോഷിച്ച പിണറായി സര്‍ക്കാര്‍ വന്ദേ ഭാരത് മിഷന്‍ വഴി കേരളത്തിലേക്ക് പ്രവാസികളെത്തിത്തുടങ്ങിയപ്പോള്‍ കൈമലര്‍ത്തുകയായിരുന്നു. കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം പോലും പിണറായി സര്‍ക്കാര്‍ മറച്ചുവെയ്ക്കുന്നു. കോവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ ചൈനീസ് അംബാസിഡറെ രഹസ്യമായി കണ്ട് ചര്‍ച്ച നടത്തി വിമര്‍ശനവുമായി നടക്കുകയാണോ രാഹുല്‍ ഗാന്ധിയുടെ കടമ. പാര്‍ലമെന്ററി പ്രതിരോധ സമിതിയുടെ കഴിഞ്ഞ 11 യോഗങ്ങളിലുമ പ്രതിപക്ഷ പ്രതിനിധിയായ രാഹുല്‍ഗാന്ധി പങ്കെടുത്തിരുന്നില്ല. അദ്ദേഹം യോഗങ്ങളില്‍ സംബന്ധിച്ചിരുന്നെങ്കില്‍ ഇന്ന് ഉന്നയിച്ച് നടക്കുന്ന കാര്യങ്ങളില്‍ ഉത്തരം കിട്ടുമായിരുന്നു.

കേരളവുമായി എക്കാലത്തും വൈകാരിക ബന്ധം പുലര്‍ത്തുന്ന സര്‍ക്കാറാണ് കേന്ദ്രത്തിലുള്ള മോദി സര്‍ക്കാര്‍. കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് ദുരന്തം ഉണ്ടായപ്പോള്‍ മണിക്കൂറുകള്‍ക്കകം വൈദ്യസംഘവുമായെത്തി പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരെ സാന്ത്വനിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിച്ചത് അദ്ദേഹം കേരളത്തിലെ ജനങ്ങളുമായി വൈകാരിക ബന്ധം പുലര്‍ത്തുന്നത് കൊണ്ടാണ്. ഇറാഖിലും ലിബിയയിലും കുടുങ്ങിയ നഴ്‌സുമാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍ ഉണ്ടായി. തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഇടത് വലത് മുന്നണികള്‍ കൈകോര്‍ക്കുകയാണ്. എന്നാല്‍ ഇത്തരം ഒത്തുകളികളെ പരാജയപ്പെടുത്തി കേരളത്തില്‍ ഉടനീളം താമര വിരിയുക തന്നെ ചെയ്യും. അതിന് സഹായകരമായ കരുത്തുറ്റ ഒരു നേതൃത്വമാണ് കെ.സുരേന്ദ്രന്റെ കീഴില്‍ കേരള ബിജെപിയെ നയിക്കുന്നതെന്ന് ജെ.പി.നദ്ദ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button