തിരുവനന്തപുരം; തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യ ആസൂത്രിക എന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷിന്റേത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന ആരോപണം പൊലീസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം നടത്തുകയാണെന്നും ആ കേസ് കൈകാര്യം ചെയ്യേണ്ടത് പൊലീസല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് നടത്തുന്ന സമരങ്ങള്‍ എന്തിന്റെ പേരിലായാലും അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി. സമരം ചെയ്യാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല, പക്ഷെ സമരങ്ങള്‍ നടത്തുന്നവര്‍ നാടിന്റെ അവസ്ഥ കണ്ട് നിലപാടെടുക്കാന്‍ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. സുനാമിയും പ്രളയവും നേരിട്ടവരാണ് കേരളത്തിലുള്ളവര്‍. സുനാമി സമയത്ത് എല്‍ഡിഎഫ് സമരത്തിലായിരുന്നു. അത് നിര്‍ത്തിവച്ച് പാര്‍ട്ടി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചെന്നും മനുഷ്യസ്‌നേഹമുള്ള ഏതു പ്രസ്ഥാനവും ചെയ്യുന്ന കാര്യമാണതെന്നും അദ്ദേഹം പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ചു.
ഞങ്ങള്‍ ലംഘിക്കും, പ്രോട്ടോകോള്‍ ഞങ്ങള്‍ക്കു ബാധകമല്ല എന്നു രാഷ്ട്രീയ നേതൃത്വം പറയുന്നതിലെ അര്‍ഥമെന്താണെന്നു മുഖ്യമന്ത്രി ചോദിച്ചു. മറ്റു രാജ്യങ്ങളിലെ അവസ്ഥ നാം കണ്ടതാണ്. അവിടെ ശവശരീരങ്ങള്‍ നേരാംവണ്ണം സംസ്‌ക്കരിക്കാന്‍ പോലും കഴിഞ്ഞില്ലെന്നും ഒന്നിച്ച് ശ്രമിച്ചതിനാലാണ് ഇതിനേക്കാള്‍ മോശം അവസ്ഥയുണ്ടായിരുന്ന രാജ്യങ്ങള്‍ കോവിഡ് രോഗം നിയന്ത്രിച്ചതെന്നും നമുക്കു മാത്രമായി കവച കുണ്ഡലങ്ങളില്ലെന്നു ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മരണം വ്യാപിക്കണം എന്ന് ആരും ആഗ്രഹിക്കാന്‍ പാടില്ല. രോഗം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യം ഒഴിവാക്കാനാണ് ശ്രമിക്കേണ്ടത്. ജനങ്ങളെ കണ്ട് നിലപാട് സ്വീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാകണമെന്നും നിലപാടുകള്‍ ജനവിരുദ്ധമാകാന്‍ പാടില്ലെന്നും ജനത്തെ ആപത്തിലേക്കു തള്ളിവിടരുതെന്നും ഇപ്പോള്‍ ഒരു പ്രത്യേക ഘട്ടമാണ്. സൂപ്പര്‍ സ്‌പ്രെഡ് വരുന്നു. തീരദേശമേഖലയില്‍ ഉത്കണ്ഠയുണ്ട്. നാം ഒറ്റക്കെട്ടായി പ്രതിരോധിക്കാനിറങ്ങണമെന്നും മറ്റു കാര്യങ്ങള്‍ പിന്നീട് നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments