കേരളത്തിൽ മിക്ക ക്ഷേത്രങ്ങളിലും നവരാത്രി ആഘോഷം നടക്കുമെങ്കിലും സരസ്വതി ക്ഷേത്രങ്ങളിലാണ് പ്രധാനമായും ആളുകൾ എത്തുക. കേരളത്തിൽ നവരാത്രി ആഘോഷം നടക്കുന്ന പ്രധാന സരസ്വതി ക്ഷേത്രങ്ങൾ പരിചയപ്പെടാം. നവരാത്രികൾ എന്നാല്‍ ഒൻപത് രാത്രികൾ എന്നാണ് അർഥം. ആദിപരാശക്തിയുടെ വിവിധ ഭാവങ്ങളെയാണ് ഈ മൂന്നു ദിവസവും ആരാധിക്കുക. ഇതിൽ ഏറ്റവും അവസാനത്തെ മൂന്നു ദിവസങ്ങളിൽ വിദ്യയുടെ ദേവതയായ സരസ്വതിയെയാണ് ആരാധിക്കുന്നത്.
കേരളത്തിൽ വിദ്യാരംഭത്തനും സരസ്വതിപൂജയ്ക്കുമാണ് നവരാത്രി കാലത്ത് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്. കൊല്ലൂർ മൂകാംബികാ ക്ഷേത്രം, കോട്ടയം പനച്ചിക്കാട് സരസ്വതി ക്ഷേത്രം, തൃശൂർ തിരുവുള്ളക്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിൽ കുട്ടികളുടെ വിദ്യാരംഭത്തിനായി ആയിരക്കണക്കിനാളുകളാണ് എത്തുന്നത്.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സരസ്വതി ക്ഷേത്രങ്ങളിൽ ഒന്നാണ് കോട്ടയം ജില്ലയിലെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം. ദക്ഷിണ മൂകാംബിക എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. മൂകാംബിക ദേവി ഇനിടെ കുടികൊള്ളുന്നു എന്ന വിശ്വാസത്തിലാണ് ഇവിടം ഈ പേരിൽ അറിയപ്പെടുന്നത്. പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണെങ്കിലും സരസ്വതി ദേവിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്.
പ്രതിഷ്ഠയെ കാണുവാന്‍ സാധിക്കാത്ത ഒരപൂർവ്വ ക്ഷേത്രം കൂടിയാണിത്. കുഴിയുടെ ഉള്ളിൽ വെള്ളത്തിൽ മുങ്ങി കാട്ടുവള്ളികൾക്കിടയിൽ മറഞ്ഞു നിൽക്കുന്ന രൂപത്തിലാണ് ഇവിടെ സരസ്വതിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പനച്ചിക്കാട്ടമ്മ എന്നാണ് സരസ്വതി ദേവി ഇവിടെ അറിയപ്പെടുന്നത്. നവരാത്രി വിജയദശമി നാളിൽ ഇവിടെ അതിവിപുലമായി എഴുത്തിനിരുത്തൽ ചടങ്ങ് നടത്തും. വർഷത്തിൽ എല്ലാ ദിവസവും എഴുത്തിനിരുത്തുന്ന ഒരു ക്ഷേത്രം കൂടിയാണിത്.
ആലപ്പുഴ മാവേലിക്കരയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സരസ്വതി ക്ഷേത്രമാണ് തട്ടാരമ്പലം സരസ്വതി ക്ഷേത്രം. ആയിരത്തിലധികം വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തെക്കുറിച്ച് ഉണ്ണുനീലി സന്ദേശത്തിലും പറയുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള ഒരു തട്ടാൻ അഥവാ സ്വർണ്ണപ്പണിക്കാരൻ നിർമ്മിച്ചതിനാലാണ് ഇത് തട്ടാരമ്പലം എന്നറിയപ്പെടുന്നതത്രെ.
കേരളത്തിൽ തന്നെ അപൂർവ്വമായ സ്വയംഭൂ സരസ്വതി ക്ഷേത്രങ്ങളിലൊന്നാണ് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ടിവിപുരം സരസ്വതി ക്ഷേത്രം. കൈകളിൽ വീണയും അക്ഷരമാലയും ഗ്രന്ഥവും അമൃതകുംഭവും വഹിച്ചിരിക്കുന്ന രൂപത്തിലാണ് ഇവിടെ സരസ്വതിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ടിവി പുരം സരസ്വതി ദേവി ഹംസത്തിന്റെ പുറത്ത് ഇരിക്കുന്നതായാണ് സങ്കല്പം.
നവരാത്രി മഹോത്സവത്തിനും വിദ്യാരംഭത്തിനും പേരുകേട്ട ക്ഷേത്രങ്ങളിലൊന്നാണ് എറണാകുളം വടക്കൻ പറവൂരിൽ സ്ഥിതി ചെയ്യുന്ന ദക്ഷിണ മൂകാംബികാ ക്ഷേത്രം. മൂകാംബിക ദേവിയെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. താമരക്കുളത്തിനു നടുവിൽ കെട്ടിയുണ്ടാക്കിയ ശ്രീകോവിലിലാണ് ഇവിടെ ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തെ പത്മാനഭക്കൊട്ടാരത്തിന്റെ ഉള്ളിലെ ക്ഷേത്രമാണ് തേവർക്കെട്ട് സരസ്വതി ക്ഷേത്രം എന്നറിയപ്പെടുന്നത്. ഇവിടുത്തെ നവരാത്രി മണ്ഡപത്തിലാണ് നവരാത്രി ആഘോഷങ്ങൾ നടക്കാറുള്ളത്.
മഹാവിഷ്ണുവിനൊപ്പം സരസ്വതി ദേവിയെയും പ്രതിഷ്ഠിച്ചിരിക്കുന്ന പ്രശസ്തമായ ക്ഷേത്രമാണ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രം. സരസ്വതിയായി ആദിപരാശക്തിയെ ഇവിടെ പ്രഭാതത്തിലാണ് ആരാധിക്കുന്നത്.
കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള ക്ഷേത്രമാണ് എറണാകുളത്തെ ആവണംകോട് സരസ്വതി ക്ഷേത്ര. വിജയദശമി നാളിൽ ഒട്ടേറെ ആളുകൾ കുട്ടികളെ എഴുത്തിനിരുത്താനായി ഇവിടെ കൊണ്ടുവരാറുണ്ട്.
കണ്ണൂര്‍ ജില്ലയിലെ പ്രശസ്തമായ ക്ഷേത്രമാണ് പള്ളിക്കുന്ന് മൂകാംബികാ ക്ഷേത്രം. സരസ്വതി ക്ഷേത്രമായ ഇവിടം കൊല്ലൂര്‍ മൂകാംബികയ്ക്കു ശേഷം പ്രസിദ്ധമായ മൂകാംബിക ക്ഷേത്രം കൂടിയാണ്. നവരാത്രിയും എഴുത്തിനിരുത്തും ഇവിടുത്തെ പ്രധാനപ്പെട്ട പരിപാടികളാണ്.
Post Your Comments