തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായ പൂന്തുറയില്‍ നാട്ടുകാര്‍ ലോക്ഡൗണ്‍ ലംഘിച്ച് കൂട്ടത്തോടെ പുറത്തിറങ്ങി. പരിശോധനയ്ക്കായി എത്തിയ ആരോഗ്യപ്രവര്‍ത്തകരെ നാട്ടുകാര്‍ തടഞ്ഞുവെന്നാണ് റിപ്പോർട്ട്. മാസ്‌ക് പോലും ധരിക്കാതെ നൂറ് കണക്കിനാളുകളാണ് തെരുവിലിറങ്ങിയത്.
പൂന്തുറയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പൂന്തുറയിലും പരിസര പ്രദേശങ്ങളിലുമുള്ള ആളുകള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി തീരപ്രദേശത്ത് പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദ്രുതകര്‍മ സേനയെയാണ് പൂന്തുറയില്‍ വിന്യസിച്ചിട്ടുള്ളത്.
എന്നാൽ അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോലീസ് തടസ്സപ്പെടുത്തുന്നു എന്നതടക്കം നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചാണ് നാട്ടുകാര്‍ തെരുവിലിറങ്ങിയത്. അവശ്യ സാധനങ്ങള്‍ വീട്ടില്‍ എത്തിച്ചു നല്‍കുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. ജനസാന്ദ്രത ഏറിയ പ്രദേശമായതിനാല്‍ ആളുകള്‍ ഒരുമിച്ചിറങ്ങുന്ന സാഹചര്യമുണ്ടായി. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുമ്പോള്‍ പോലീസ് ജനങ്ങളെ തിരിച്ച് വീട്ടിലേക്കയക്കുന്ന രീതിയാണുള്ളതെന്നും നാട്ടുകാര്‍ പറയുന്നു.
അതേസമയം പൂന്തുറയില്‍ ഒരു ലക്ഷം മാസ്‌ക് വിതരണം ചെയ്തു എന്ന സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് മാസ്‌ക് ലഭിച്ചില്ലെന്ന് നാട്ടുകാരിലൊരാള്‍ പറയുന്നു.
പൂന്തുറയ്ക്കടുത്തുള്ള പരുത്തിക്കുഴി സ്വദേശിയായ മീന്‍വ്യാപാരിക്കാണ് ആദ്യം രോഗം സ്ഥിരീകരിക്കുന്നത്. കന്യാകുമാരിയില്‍നിന്ന് മീന്‍ എത്തിച്ച് മൊത്തവ്യാപാരം നടത്തുന്ന ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കാണ് പിന്നീട് രോഗം സ്ഥിരീകരിച്ചത്.
Post Your Comments